തിരുവനന്തപുരം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് – എസ്ഡിപിഐ സംഘടനകളിലുള്ള ക്രിമിനല്‍ ലിസ്റ്റില്‍ പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കാന്‍ പോലീസ്. ഡിജിപി അനില്‍കാന്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുമ്പ് കേസുകളില്‍പെട്ടവരുടെയും പേരുവിവരങ്ങളും കേസുകളുടെ വിവരങ്ങളുമാണ് ശേഖരിക്കുന്നത്. സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും.
അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താന്‍ ആവശ്യമായ അന്വേഷണം നടത്തി മേല്‍നടപടി സ്വീകരിക്കും. നിര്‍ദ്ദേശങ്ങള്‍നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു.