ക്രിക്കറ്റ് താരം സലീം ദുറാനി അന്തരിച്ചു

Latest News Sports

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സലീം ദുറാനി (88) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ രാവിലെ ജാംനഗറിലെ വീട്ടില്‍ അന്തരിച്ചു.ഇക്കഴിഞ്ഞ ജനുവരിയിലുണ്ടായ വീഴ്ചയില്‍ അദ്ദേഹത്തിന്‍റെ തുടയെല്ലിന് പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരിക്കെയാണ് അന്ത്യം. ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അര്‍ജുന അവാര്‍ഡ് നേടിയ വ്യക്തിയാണ് സലിം ദുറാനി.
1934 ഡിസംബര്‍ 11ന് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ജനിച്ച അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇടംകൈയന്‍ ബൗളറായിരുന്ന അദ്ദേഹം 29 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 1961-1962ലെ ചരിത്രപരമായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 2-0ന് തോല്‍പ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചത് ദുറാനി ആയിരുന്നു. ഇന്ത്യക്കായി കളിച്ച 50 ഇന്നിംഗ്സുകളില്‍ നിന്ന് ഒരു സെഞ്ച്വറിയും ഏഴ് അര്‍ദ്ധസെഞ്ച്വറികളും താരം നേടിയിരുന്നു.
പോര്‍ട്ട് ഒഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ വിജയത്തില്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സിനെയും ക്ലൈവ് ലോയിഡിനെയും പുറത്താക്കിയതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 1973ല്‍ പ്രവീണ്‍ ബാബിക്കൊപ്പം ‘ചരിത്ര’ എന്ന സിനിമയില്‍ അഭിനയിച്ച് ക്രിക്കറ്റ് താരം ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *