ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിനെടുത്ത ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏഴു യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രവേശനാനുമതി നല്കി. ഓസ്ട്രിയ, ജര്‍മനി, സ്ളൊവേനിയ, ഗ്രീസ്, അയര്‍ലന്‍ഡ്, സ്പെയിന്‍, എസ്റ്റോണി എന്നീ രാജ്യങ്ങളാണു യാത്രാനുമതി നല്കിയത്.
ഐസ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ പ്രവേശനാനുമതി നല്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുമാത്രമായുള്ള ഗ്രീന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് ഉള്‍പ്പെട്ടിരുന്നില്ല.
അസ്ട്രസെനക്ക നിര്‍മിക്കുന്ന വാക്സിന്‍റെ ഇന്ത്യന്‍ പതിപ്പാണ് കോവിഷീല്‍ഡ് എന്നതിനാലാണ് അനുമതി നല്കിയതെന്നാണു വിശദീകരണം. ഇന്ത്യയില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ സ്വീകരിച്ചവര്‍ക്കു പ്രവേശനാനുമതി നല്കണമെന്ന് വിദേശകാര്യമന്ത്രാലയം യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ ശിപാര്‍ശപ്രകാരമാണ് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തിയത്.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണതോതിലാകുന്നതോടെ രണ്ടു വാക്സിനും സ്വീകരിച്ചതായുള്ള സര്‍ക്കാര്‍ മുദ്രയുള്ള ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.
കോവിഷീല്‍ഡിനെ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള വാക്സിനുകളുടെ പട്ടികയില്‍ ലോകാരോഗ്യസംഘടന പെടുത്തിയിരുന്നു.
