കോവിഡ് 2022ലേക്ക്
നീണ്ടേക്കും: ഡബ്ല്യുഎച്ച്ഒ

India World

ജനീവ : ഈ വര്‍ഷംതന്നെ ലോകം കോവിഡ് മുക്തമാകുമെന്ന പ്രതീക്ഷ യാഥാര്‍ഥ്യത്തിന് നിരക്കാത്തതെന്ന് ലോകാരോഗ്യ സംഘടന. ഫലപ്രദമായ വാക്സിനുകള്‍ എത്തിയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ കുറവുണ്ടാകും. രോഗവ്യാപനം കുറയ്ക്കുന്നതിലാകണം ലോകത്തിന്‍റെയാകെ ശ്രദ്ധയെന്നും ഡബ്ല്യൂഎച്ച്ഒയുടെ അടിയന്തരഘട്ട പദ്ധതികളുടെ ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറഞ്ഞു.ഇതുവരെയുള്ള പഠനത്തില്‍ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വാക്സിനുകള്‍ രോഗവ്യാപനത്തെ ചെറുക്കാന്‍ സഹായിക്കുന്നതായി കണ്ടെത്തി. രോഗാതുരത കുറയ്ക്കാനും ഇവ സഹായിക്കുന്നു. ഇപ്പോള്‍ വൈറസിനെ ഏറെക്കുറെ വരുതിയിലാക്കാനായിട്ടുണ്ട്. വാക്സിനുകള്‍ എത്തിയെന്ന് കരുതി അലംഭാവം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന കൃത്യമായി പാലിക്കണമെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസസ് പറഞ്ഞു. സമ്പന്ന രാജ്യങ്ങളില്‍ വയോധികരെ അവഗണിച്ച് ചെറുപ്പക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നത് ദു:ഖകരമാണ്. ഓരോ രാജ്യത്തെയും സാഹചര്യം വിലയിരുത്തിയാണ് വാക്സിന്‍ നല്‍കേണ്ടത്. പരസ്പരം മത്സരിക്കേണ്ട വിഷയമല്ല.കഴിഞ്ഞ എഴ് ആഴ്ചയിലെ കണക്ക് വിലയിരുത്തുമ്പോള്‍ കഴിഞ്ഞയാഴ്ച കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായി. ഇതിന്‍റെ കാരണം വ്യക്തമല്ല. മാനദണ്ഡങ്ങളില്‍ അയവ് വന്നതും കാരണമായേക്കാംڊ നിലവില്‍ പടരുന്ന അതിവ്യാപനശേഷിയുള്ള കോവിഡ് വൈറസ് അമേരിക്കയില്‍ നാലാം വ്യാപനത്തിന് കാരണമായേക്കാമെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മേധാവി ഡോ. റോഷെല്‍ വലെന്‍സ്കി. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞയാഴ്ച ഒറ്റ ദിവസം 70,000 പുതിയ കോവിഡ് കേസുണ്ടായി. അതേദിനം 2000നടുത്ത് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈയവസ്ഥയില്‍ ജനിതകമാറ്റം വന്ന വൈറസിന്‍റെ വ്യാപനം ഗുരുതരമായ അവസ്ഥയുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. അമേരിക്കയില്‍ അഞ്ച് കോടിയിലധികമാളുകള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടും രോഗ വ്യാപനം കുറയാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *