കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രണം കടുപ്പിക്കും

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്‍റെ മൂന്നാം തരംഗം കേരളത്തില്‍ രൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കര്‍ശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്.മന്ത്രി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും ആരോഗ്യപ്രവര്‍ത്തകരിലുമെല്ലാം കോവിഡ് പിടിമുറുക്കിയതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുക്കുക. സമ്പൂര്‍ണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ആശുപത്രി സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.കോളേജുകള്‍ നാളെ തന്നെ അടച്ചേക്കും.10,11, 12 ക്ലാസുകള്‍ കൂടി ഓണ്‍ലൈനിലേക്ക് മാറ്റാനും സാദ്ധ്യതയുണ്ട്. ആള്‍ക്കൂട്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും കടുത്ത നിയന്ത്രണങ്ങള്‍ തന്നെ വന്നേക്കും.
എങ്കിലും ആശുപത്രികളില്‍ അടിയന്തര സൗകര്യങ്ങള്‍ സജ്ജമാക്കുന്നുണ്ട്. ഐസിയു വെന്‍റിലേറ്റര്‍ തുടങ്ങിയ ആവശ്യത്തിനുണ്ട്. വെന്‍റിലേറ്റര്‍ ഓക്സിജന്‍ ലഭ്യത തൃപ്തികരമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് വിശദീകരിച്ചു. നിലവില്‍ വലിയ ആശങ്കയിലേക്ക് പോകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
പക്ഷെ കര്‍ശന ജാഗ്രത തുടരേണ്ടതുണ്ടെന്നും, ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടതുണ്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ ചികിത്സയെക്കുറിച്ച് മന്ത്രിമാര്‍ യോഗത്തില്‍ ആരാഞ്ഞു. ചികിത്സ നല്ലരീതിയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ കോവിഡ് അവലോകനയോഗം ചേരും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് യോഗം.

Leave a Reply

Your email address will not be published. Required fields are marked *