കോഴിക്കോട് : കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം നടത്തുന്നത് പുനപരിശോധിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 15 ശതമാനത്തില്‍ കൂടുതലാണ് എന്നത് ഗൗരവമായ വസ്തുതയാണ്. തമിഴ്നാട് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്നിട്ടുണ്ട്, അതിനാല്‍ കേരളത്തിലും അങ്ങനെയാകാം എന്ന ചിന്ത പാടില്ല എന്നാണ് ആരോഗ്യരംഗത്തെ ചില വിദഗ്ധരുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം. തമിഴ്നാട്ടില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്ക് അഞ്ച് ശതമാനത്തില്‍ കുറവാണ്. കോവിഡ് വ്യാപനം നന്നേ കുറഞ്ഞിട്ടുണ്ട്. അതിനെ തുടര്‍ന്നാണ് സ്കൂളുകള്‍ തുറന്നത്.
വിദ്യാലയങ്ങള്‍ തുറന്ന മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതിയും ഇങ്ങനെ തന്നെ. എന്നാല്‍ കേരളത്തില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍. ഇപ്പോഴും ഇരുപതിനായിരത്തില്‍ കൂടുതലാണ് നിത്യേന രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആകട്ടെ 15 ശതമാനത്തിനും 20 ശതമാനത്തിനും ഇടയില്‍ തുടരുകയാണ്. കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണവും കുറയാതെ നിലനില്‍ക്കുന്നു. ഈയൊരു സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറന്നാല്‍ കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുമെന്ന് രക്ഷിതാക്കള്‍ ഭയപ്പെടുന്നു. വീടുകളിലെ വയോജനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. കുട്ടികളിലെ കോവിഡ്ബാധ സമൂഹത്തില്‍ മൊത്തം കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കും.
മിക്ക സ്കൂള്‍ ക്ലാസ് മുറികളും ഇടുങ്ങിയതും വായുസഞ്ചാരം കുറഞ്ഞതുമാണ്. അതി തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റാ വകഭേദം പടര്‍ന്നു പിടിക്കാന്‍ സാധ്യത ഏറെയാണ്. അധ്യാപകര്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചു എന്ന് വെച്ചാലും കുട്ടികള്‍ക്ക് ഇതുവരെ ലഭ്യമായിട്ടില്ല എന്നത് ഗൗരവതരമാണ്.
കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമായതിനുശേഷം സ്ക്കൂള്‍ തുറന്നാല്‍ മതി എന്നു പറയുന്ന രക്ഷിതാക്കളും ഏറെയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബറില്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നത് സ്കൂളുകള്‍ തുറക്കാന്‍ മാനദണ്ഡമാക്കി എടുക്കരുത് എന്ന് ആരോഗ്യരംഗത്തെ പല പ്രമുഖരും അഭിപ്രായപ്പെടുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ വാക്സിനേഷന്‍ സ്വീകരിച്ചവരാണ്. അധ്യാപകരും ജീവനക്കാരും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവരും. ഇത് കോളേജുകള്‍ തുറക്കാന്‍ ഏറെ സുരക്ഷിതത്വം നല്‍കുന്നു. എന്നാല്‍ സ്കൂളുകളിലെ സ്ഥിതി അങ്ങനെയല്ല.അധ്യാപകരും ജീവനക്കാരും വാക്സിനേഷന്‍ കഴിഞ്ഞവരാണ് എങ്കിലും കുട്ടികള്‍ക്ക് ഇതുവരെ വാക്സിന്‍ ലഭ്യമായിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. വാക്സിനേഷന്‍റെ ഒരു സുരക്ഷിതത്വവും കുട്ടികള്‍ക്ക് ഇല്ല. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ അനുകൂലമായിട്ടു മതി സ്കൂളുകള്‍ തുറക്കുന്നത് എന്ന ആവശ്യം ശക്തമാവുകയാണ്.