ന്യൂഡല്‍ഹി: കോവിഡ് വാക്സിനും ഹൃദയാഘാതം മൂലമുള്ള പെട്ടന്നുള്ള മരണങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തുവരുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍. ഗവേഷകര്‍ ചില പ്രാഥമിക കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.
ഇത് പരസ്യപ്പെടുത്തുന്നതിനു മുന്‍പ് അവലോകനത്തിനായി കാത്തിരിക്കുകയാണ്. ഗവേഷണ പ്രബന്ധം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐജെഎംആര്‍) അംഗീകരിച്ചിട്ടന്‍റെ സ്വതന്ത്ര മൂല്യനിര്‍ണയം നടക്കുകയാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ പറഞ്ഞു.
കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിനായി ഗവേഷകര്‍ നാല് വ്യത്യസ്ത പഠനങ്ങളാണ് നടത്തിയത്. യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്‍റെ കാരണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ പഠനം.വാക്സിനേഷന്‍, നീണ്ടു നില്‍ക്കുന്ന കോവിഡ്, രോഗത്തിന്‍റെ തീവ്രത തുടങ്ങിയവ മൂലം പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാത മരണങ്ങള്‍ വിലയിരുത്തുന്നതിലാണ് രണ്ടാമത്തെ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ ഐസിഎംആര്‍ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചു. 40 ആശുപത്രികളില്‍നിന്നാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ എടുത്തത്.
മൂന്നാമത്തെ പഠനം ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ മൂലം പെട്ടെന്ന് മരണമടഞ്ഞ ആളുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചത് കണക്കിലെടുത്തായിരുന്നു. അതേസമയം നാലാമത്തെ പഠനം വാക്സിന്‍ സ്വീകരിച്ച ശേഷം ഹൃദയാഘാതം വരികയും മരണം സംഭവിക്കാതിരിക്കുകയും ചെയ്തവരെ കേന്ദ്രീകരിച്ചായിരുന്നു.
