ന്യുഡല്‍ഹി: ലോകത്തെമ്പാടും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനിടെ ഇന്ത്യയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 11% വര്‍ധനവുണ്ടായി. എന്നാല്‍ ആകെ രോഗികളുടെ എണ്ണം താഴ്ന്നുതന്നെയാണ് നില്‍ക്കുന്നത്. മുന്‍ ആഴ്ചയില്‍ 1103 പേര്‍ രോഗബാധിതരായിരുന്നുവെങ്കില്‍ ഞായറാഴ്ച വരെയുള്ള പുതിയ കണക്ക് പ്രകാരം അത് 1219 ആയി ഉയര്‍ന്നു.മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നേരിയ തോതിലാണെങ്കിലും വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി.ഇക്കഴിഞ്ഞയാഴ്ചയില്‍ 20 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്‍ ആഴ്ചയില്‍ ഇത് 12 ആയിരുന്നു.