കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

Kerala

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്‍റെ രണ്ടാംതരംഗം അതിരൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അടിയന്തര യോഗം വിളിച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പരിഗണിക്കുന്നില്ലെങ്കിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ആണ് കേന്ദ്രം ആലോചിക്കുന്നത്. അതേസമയം, കോവിഡ് വ്യാപനം തടയാന്‍ ഡല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു.
നേരത്തേ, രാത്രികാല കര്‍ഫ്യൂവും വാരാന്ത്യകര്‍ഫ്യൂവും പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി കെജ്രിവാള്‍ കര്‍ഫ്യൂവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും.കോവിഡ് 19ന്‍റെ രൂക്ഷവ്യാപനം ഡല്‍ഹിയില്‍ ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ക്കും ഓക്സിജനും കടുത്ത ക്ഷാമം നേരിടുന്നു.
ഇവ ലഭ്യമാക്കുന്നതിന് ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ 25,000 മുകളില്‍ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളില്‍ 100 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം പൊടുന്നനെ വര്‍ധിച്ചതോടെ ആശുപത്രികളില്‍ 6000 കിടക്കകള്‍ അടിയന്തിരമായി വേണ്ടിവരുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. ഓക്സിജന്‍ ക്ഷാമമാണ് ഡല്‍ഹി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൈവശമുള്ള ഓക്സിജന്‍ അതിവേഗത്തില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. വളരെ കുറഞ്ഞ അളവ് ഓക്സിജന്‍ മാത്രമേ ആശുപത്രികളില്‍ ബാക്കിയുള്ളൂ.
24 മണിക്കൂറിനിടെ 2,73,810 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നാത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.
ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായിരിക്കുകയാണ്. ഇത് ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ളത് പത്തൊമ്പത് ലക്ഷത്തിലധികം ആളുകളാണ്.
രാജ്യത്തെ രോഗികളുടെ പ്രതിദിന രോഗികളുടെ എണ്ണം കൂടുകയും പ്രതിദിനരോഗമുക്തിനിരക്ക് കുത്തനെ കുറയുകയും ചെയ്യുന്നത് ആശങ്ക കൂട്ടുന്നു. രോഗമുക്തി നിരക്ക് 86 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളിലെ സ്ഥിതി വഷളാണ്. മിക്കയിടങ്ങളിലും ഓക്സിജന്‍, ബെഡുകള്‍ എന്നിവയുടെ ലഭ്യതക്കുറവ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
മഹാരാഷ്ട്രയിലും, ഡല്‍ഹിയിലും കര്‍ണാടകയിലും സ്ഥിതി അതീവഗുരുതരമാണ്. ഒറ്റദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിനരോഗവര്‍ധനയാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ രേഖപ്പെടുത്തിയത്.മഹാരാഷ്ട്രയില്‍ ഒരു ദിവസം 68,631 പുതിയ രോഗികളാണ് ഇന്നലെ ഉണ്ടായത്. ഡല്‍ഹിയില്‍ 25,462 പുതിയ കേസുകള്‍ രേഖപ്പെടുത്തി. കര്‍ണാടകയില്‍ 19,067 കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *