ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും ഒപ്പം നിന്ന് കേന്ദ്രസര്‍ക്കാര്‍.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ ഇവര്‍ക്ക് നല്‍കിവരുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധനാണ് ഇക്കാര്യം അറിയിച്ചത്.ഇതുമായി ബന്ധപ്പെട്ട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിക്ക് നിര്‍ദ്ദേശം നല്കി. ഒരു ഇടവേളയ്ക്ക് ശേഷം കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് പദ്ധതിയ്ക്ക് കീഴില്‍ 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.രാജ്യത്ത് രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസത്തോടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നിര്‍ത്താനായിരുന്നു കേന്ദ്രം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു.അതിനിടെ കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. 2000ത്തിലേറെ മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 2023 മരണം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിനടുത്തെത്തിയിരിക്കുകയാണ്. 2.95 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 1.56 കോടി കവിഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1.82 ലക്ഷത്തിലെത്തി.1,82,553 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ രോഗികള്‍ യു.എസിലാണ്. 3,25,36,470 പേര്‍ക്കാണ് ഇതുവരെ യു.എസില്‍ കോവിഡ് ബാധിച്ചത്. ഇന്ത്യയില്‍ 1,56,16,130 പേര്‍ക്കും.
13,01,19,310 പേരാണ് രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത്. കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളി വലുതാണ്.പക്ഷെ നമ്മള് മറികടക്കും. കോവിഡിനെതിരെ രാജ്യം വലിയ പോരാട്ടത്തിലാണ്. നിലവില്‍ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ട്. അതെ സമയം ഓക്സിജന്റെ ആവശ്യകത വര്‍ദ്ധിച്ചു. അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓക്സിജന്റേയും മരുന്നിന്റെയും വിതരണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാറും സ്വകാര്യമേഖലയിലുള്ളവരും സംസ്ഥാനങ്ങളും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലാണെന്നും മോദി പറഞ്ഞു.
