കോവിഡ്: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം വേഗത്തിലാക്കാന്‍ നടപടി

Top News

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കു ധനസഹായ തുക വിതരണം വേഗത്തിലാക്കാന്‍ നടപടികളായി.
എഡിഎം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായി വില്ലേജ് തലത്തില്‍ ആശാവര്‍ക്കര്‍മാരുടെയും അങ്കണവാടി വര്‍ക്കര്‍മാരുടെയും സഹായത്തോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ വീടുകളില്‍ നിന്നു നേരിട്ടു വിവരശേഖരണം നടത്തി. ലഭ്യമായ വിശദാംശങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാറിനു സമര്‍പ്പിച്ചു. ആശാവര്‍ക്കര്‍മാരും അങ്കണവാടി പ്രവര്‍ത്തകരും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അതത് മേഖലയിലെ വില്ലേജ് ഓഫീസ് ജീവനക്കാര്‍ നേരിട്ടു അപേക്ഷയും അനുബന്ധ രേഖകളും സ്വീകരിക്കുകയായിരുന്നു.
വിശദാംശങ്ങള്‍ നല്‍കാന്‍ ഇനി ആരെങ്കിലും ഉണ്ടെങ്കില്‍ എത്രയും വേഗം ലഭ്യമാക്കണമെന്നു അധികൃതര്‍ അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കു ധനസഹായം ആവശ്യമില്ലെങ്കില്‍ അവര്‍ സാക്ഷ്യപത്രം നല്‍കണം. അവകാശികള്‍ ആരെങ്കിലും നാട്ടില്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റു അവകാശികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള സമ്മതപത്രവും നല്‍കണം. ഇക്കാര്യങ്ങള്‍ തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ മുഖേന മരിച്ചവരുടെ ആശ്രിതരെ അറിയിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ പഞ്ചായത്തുതലത്തില്‍ ശേഖരിക്കുന്നതിനു കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഓണ്‍ലൈന്‍ യോഗത്തില്‍ സബ് കളക്ടര്‍ ശ്രീധന്യ സുരേഷ്, തിരൂര്‍ ആര്‍ഡിഒ പി. സുരേഷ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ.ജെ.ഒ അരുണ്‍, ഡോ.എം.സി റജില്‍, കെ. ലത, പി.എന്‍ പുരുഷോത്തമന്‍, തഹസില്‍ദാര്‍മാരായ ടി.എന്‍ വിജയന്‍, അബൂബക്കര്‍ പുലിക്കുത്ത്, പി. ഉണ്ണി, മോഹനന്‍ നൂഞ്ഞാടന്‍, പി. രഘുനാഥന്‍, എം.എസ് സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *