ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ പതിനാറു വര്‍ഷത്തെ വിദേശനയത്തില്‍ മാറ്റംവരുത്തി വിദേശ സഹായം സ്വീകരിക്കാനുള്ള സന്നദ്ധതയില്‍ ഇന്ത്യ. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നിലപാടെന്നാണ് റിപ്പോര്‍ട്ട്. സ്വാശ്രയത്വത്തിന്‍റെയും സ്വയംപര്യാപ്തതയുടെയും ബലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള സംഭാവനകളോ സഹായങ്ങളോ സ്വീകരിക്കേണ്ട എന്ന നയത്തിനാണ് ഇതോടെ മാറ്റം വരുന്നത്.
അടിയന്തരസാഹചര്യത്തില്‍ ഓക്സിജന്‍ അനുബന്ധ ഉപകരണങ്ങളും ജീവന്‍ രക്ഷാ മരുന്നുകളും ചൈനയില്‍ നിന്നുള്‍പ്പെടെ സ്വീകരിച്ചേക്കുമെന്നാണു വിവരം. അത്യാവശ്യ സന്ദര്‍ഭത്തില്‍ 25000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ ഇന്ത്യക്കു നല്‍കുന്നതിനായി തയാറാക്കുന്നതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വെന്‍ദോംഗ് പറഞ്ഞിരുന്നു. അതിനു പുറമേ പാക്കിസ്ഥാന്‍ വാഗ്ദാനം ചെയ്ത സഹായവും സ്വീകരിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
2004ല്‍ സുനാമി ദുരന്തം ഉണ്ടായതിനു പിന്നാലെയാണ് യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇന്ത്യ വിദേശരാജ്യങ്ങളില്‍ നിന്നു സഹായം സ്വീകരിക്കേണ്ടതില്ലെന്ന കര്‍ശന നിലപാട് എടുത്തത്.
ഇന്ത്യക്ക് വിദേശ സഹായം ആവശ്യമില്ലെന്നും ദുരന്തം നേരിടാനും അതിജീവിക്കാനും ഇന്ത്യ പര്യാപ്തമാണെന്നുമായിരുന്നു അന്നു പ്രധാനമന്ത്രി ആയിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത്. എന്നാല്‍, അടിയന്തര സാചര്യങ്ങള്‍ ഉണ്ടായാല്‍ മാത്രം വിദേശസഹായം സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, അയര്‍ലന്‍ഡ്, ബെല്‍ജിയം, ഓസ്ട്രേലിയ, സൗദി അറേബ്യ, ഇറ്റലി, യുഎഇ എന്നീ രാജ്യങ്ങളില്‍നിന്നാണ് സഹായവാഗ്ദാനം ലഭിച്ചത്. വിദേശ സഹായം റെഡ്ക്രോസ് ഇന്ത്യ വഴി സ്വീകരിക്കാനാണ് പദ്ധതിയെന്നാണു സൂചന. അതിനു പുറമേ കോവിഡ് പ്രതിസന്ധിയില്‍ വിദേശത്തുനിന്നു സഹായം സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.