ഗൂഡല്ലൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന സമയം വെട്ടികുറച്ച് ജില്ലാ ഭരണകൂടം.രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ശേഷം മൂന്ന് വരെയാണ് നീലഗിരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നല്‍കുന്നത്. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്.പി. അമൃത് അറിയിച്ചു. സഞ്ചാരികള്‍ മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുകയും വേണം.
ഊട്ടിയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ബോട്ട് ഹൗസ്, ഷൂട്ടിംഗ് മട്ടം, പൈക്കാര ബോട്ട് ഹൗസ്, കുന്നൂരിലെ സിംസ് പാര്‍ക്ക്, കോത്തഗിരിയിലെ നെഹ്റു പാര്‍ക്ക്, ഗൂഡല്ലൂരിലെ സൂചിമല, മുതുമല കടുവാ സങ്കേതം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നീലഗിരിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. അതേസമയം നിയന്ത്രണം കടുപ്പിച്ചതോടെ നീലഗിരിയിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഊട്ടി കളക്ടറേറ്റില്‍ നടന്ന കൂടിയാലോചനാ യോഗത്തില്‍ ജില്ലാ കോവിഡ് സ്പെഷ്യല്‍ ഓഫീസര്‍ സുപ്രിയ സാഹു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എസ്.പി. അമൃത്, ശിബിലാ മേരി തുടങ്ങിയവര്‍ സംബന്ധിച്ചു.