കാസര്‍കോട്: കോവിഡ് കാലം കേരളത്തെ കോവിഡ് ഇതര മരണത്തില്‍നിന്ന് രക്ഷപ്പെടുത്തിയതായി കണക്കുകള്‍. തദ്ദേശ സ്വയംഭരണവകുപ്പിന്‍െറ ‘സേവന’ സിവില്‍ രജിസ്ട്രേഷനില്‍ രേഖപ്പെടുത്തിയ കണക്കു പ്രകാരം കോവിഡിനെതിരായ പ്രതിരോധം മറ്റുരോഗങ്ങളാല്‍ മരണത്തിലേക്ക് വഴുതിവീഴാതെ 30,000ത്തോളം പേരെ രക്ഷപ്പെടുത്തിയെന്നാണ് അനുമാനം.
2016മുതല്‍ 2019വരെ കേരളത്തിലെ മരണസംഖ്യ മൂന്നുശതമാനം വെച്ച് വര്‍ധിക്കുകയായിരുന്നു. 2020ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴുശതമാനം കുറയുകയുണ്ടായി. ശരാശരി വര്‍ധനയും കൂടി ചേര്‍ക്കുമ്പോള്‍ 11ശതമാനത്തിന്‍െറ കുറവ് മരണനിരക്കിലുണ്ടായതായി വെബ്സൈറ്റില്‍ പറയുന്നു. ഈ കാലയളവിലെ മരണനിരക്ക് പരിശോധിക്കുമ്പോള്‍ 30,000 കോവിഡ് ഇതരര്‍ക്ക് പേര്‍ക്ക് പ്രതിരോധം തുണയായതായി കണക്കാക്കാം. 2016 ല്‍ 2,44,946, 2017ല്‍ 2,52,135, 2018ല്‍ 2,55,626, 2019ല്‍ 2,64,196 എന്നിങ്ങനെ ഉയര്‍ന്നുകൊണ്ടിരുന്ന മരണനിരക്ക് 2020ല്‍ 2,43,664 ആയി കുറയുകയാണുണ്ടായത്. 2021ല്‍ സെപ്റ്റംബര്‍ ഒമ്പത് വരെ 1,75,214 ആണ് സംസ്ഥാന മരണനിരക്ക്. ഇത് ശരാശരി പരിശോധിക്കുമ്പോള്‍ ഈവര്‍ഷം അവസാനം 2,56,000വരെയാകാം. 2020ല്‍ മരണനിരക്ക് കുറയാനുണ്ടായ കാരണം കോവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കുറച്ചതാണ്. മാസ്കും സാനിറ്റൈസറും ശ്വാസകോശ, സാംക്രമികരോഗങ്ങളില്‍നിന്ന് രക്ഷനല്‍കി. ആശുപത്രിജന്യ രോഗങ്ങളും കുറഞ്ഞു.