ന്യൂഡല്‍ഹി : മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് രാജ്യത്തെ ജനങ്ങള്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് പരിശോധനയും ഐസോലേഷനും അടക്കമുള്ള കാര്യങ്ങളും വീഴ്ചയില്ലാതെ തുടരാനും കത്തില്‍ നിര്‍ദേശമുണ്ട്.പൊതുസ്ഥലങ്ങളില്‍ മാസ്ക് മാറ്റുന്നതടക്കം കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് കേരളവും സജീവ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ സുപ്രധാന നിര്‍ദ്ദേശം.
ഘട്ടം ഘട്ടമായി മാസ്ക് മാറ്റുന്നത് ചര്‍ച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദര്‍ പറയുമ്ബോള്‍, ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ സമിതിയുടെ ഭാഗമായവര്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന അഭിപ്രായം. ഇതിനിടെ, മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കേസെടുക്കുന്നത് സംസ്ഥാനത്ത് തല്‍ക്കാലം കുറച്ചിട്ടുണ്ട്. കൊറോണ വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഉപവകഭേദമായ ബിഎ.2 വേരിയന്‍റിന്‍റെ സാന്നിധ്യം ചൈനയില്‍ കൂടുതല്‍ രോഗികളില്‍ കണ്ടെത്തിയിരിക്കുകയാണ്. രണ്ടു വര്‍ഷത്തിനിടെ ചൈനയില്‍ ഭീഷണി ഉയര്‍ത്തുന്ന പ്രധാന വകഭേദമാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസ് ഹോം ടെസ്റ്റ് കിറ്റുകളിലൂടെ ബിഎ.2 ഉപവകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയും.എന്നാല്‍, കോവിഡ് അണുബാധയ്ക്ക് കാരണം ഈ വകഭേദമാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ ഇത് പര്യാപ്തമല്ല.