കോവാക്സിന്‍റെ അംഗീകാരം : ലോകാരോഗ്യ സംഘടനയുടെ അടുത്ത യോഗം 26ന്

Top News

ജനീവ: ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്‍റെ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തിര ഉപയോഗ അനുമതി നല്‍കുന്നത് പരിഗണിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ഒക്ടോബര്‍ 26ന് യോഗം ചേരുമെന്ന് ഡബ്ല്യു.എച്ച്.ഒ ചീഫ് സയന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ലോകാരോഗ്യ സംഘടന ഭാരത് ബയോടെക്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
‘ഒക്ടോബര്‍ 26ന് സാങ്കേതിക ഉപദേശക സംഘം യോഗം ചേരും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഭാരത് ബയോടെക്കുമായി ചേര്‍ന്ന് ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര ഉപയോഗത്തിനായുള്ള അംഗീകൃത വാക്സിനുകളുടെ എണ്ണം വര്‍ധിപ്പിച്ച് എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം’ ഡോ. സ്വാമിനാഥന്‍ ട്വീറ്റ് ചെയ്തു. ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനക്ക് വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതോടെ സെപ്റ്റംബര്‍ 27ന് വീണ്ടും സമര്‍പ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ ഈ വിവരങ്ങള്‍ അവലോകനം ചെയ്യുകയാണ്. ഡബ്ല്യു.എച്ച്.ഒ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഇവര്‍ കൃത്യമായ മറുപടി നല്‍കുകയാണെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കുമെന്ന് ലോകാരോഗ്യ സംഘടന ഒക്ടോബര്‍ ആദ്യം അറിയിച്ചിരുന്നു. അതാണിപ്പോള്‍ ഒക്ടോബര്‍ 26ലേക്ക് നീട്ടിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി) എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് കോവാക്സിന്‍ വികസിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *