കോഴ വാങ്ങുന്നതും കളളപ്പണം വെളുപ്പിക്കല്‍: സുപ്രീംകോടതി

Top News

ന്യൂഡല്‍ഹി : കോഴ വാങ്ങുന്നതും കളളപ്പണം വെളുപ്പിക്കല്‍ ആണെന്ന് സുപ്രീംകോടതി. ഇ.ഡിയ്ക്ക് അന്വേഷണം ആരംഭിക്കാന്‍ കോഴക്കേസിലെ എഫ്.ഐ.ആര്‍ മതിയാകുമെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും, വി.രാമസുബ്രഹ്മണ്യനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.നിയമനക്കോഴ ആരോപണം നേരിടുന്ന തമിഴ്നാട് വൈദ്യുതി വകുപ്പ് മന്ത്രി വി. സെന്തില്‍ ബാലാജിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറേറ്റ് (ഇ.ഡി) അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുളള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇ.ഡിയുടെ അധികാരപരിധി സംബന്ധിച്ച് നിരന്തരം ചോദ്യമുയരുന്നതിനിടെയാണ് കോടതി വിധിയെന്നത് ശ്രദ്ധേയമാണ്.അഴിമതിയെന്ന കുറ്റത്തിലെ ക്രിമിനല്‍ പ്രവൃത്തിയും, അതിലേക്ക് നയിക്കുന്ന സാഹചര്യവും സയാമീസ് ഇരട്ടകളെ പോലെയാണ്. കോഴ ഇടപാടിലൂടെ സമ്പാദിക്കുന്ന ബിനാമി സ്വത്തും കളളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രി വി. സെന്തില്‍ ബാലാജിക്കെതിരെ അഴിമതി ആരോപണമുയര്‍ന്നത്. ഇ.ഡി കേസിലെ നടപടികള്‍ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് മന്ത്രിക്കെതിരെ ഇ.ഡി. അന്വേഷണത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. നിയമനഅഴിമതിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനും അന്വേഷണവുമായി മുന്നോട്ടുപോകാം. രണ്ടുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് കൃഷ്ണ മുരാരി അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാലാജി 2011-2015 കാലയളവില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരിക്കെ കോഴ വാങ്ങിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *