കോഴിക്കോട്: തൊണ്ടയാട് കെട്ടിട നിര്‍മാണത്തിനിടെ വലിയ സ്ലാബ് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. തമിഴ്നാട് വില്‍പുരം സ്വദേശി ഗണേശ് (20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. അപകട ദിവസം തമിഴ്നാട് സ്വശേദികളായ കാര്‍ത്തിക്, സലീംഖാന് എന്നിവര്‍ മരിച്ചിരുന്നു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. നിലവില്‍ തങ്കരാജ്, ദീപാനന്ദ് എന്നിവര്‍ ചികിത്സയിലുണ്ട്.
കൂറ്റന്‍ സ്ലാബുകള്‍ തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചതാണ് മരണത്തിനിടയാക്കിയത്. അഗ്നിശമനസേന കട്ടര്‍ ഉപയോഗിച്ച് സ്ലാബ് പൊട്ടിച്ചാണ് തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്തില്ലാഞ്ഞതാണ് വന്‍ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു.
സ്ലാബിന് അടിയില്‍ ഉറപ്പിച്ചിരുന്ന തൂണ് തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് റവന്യൂ വിഭാഗം റിപ്പോര്‍ട്ട്.