കോഴിക്കോട് : കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്ക് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കമായി.
നവംബര്‍ 24 വരെ നടക്കുന്ന കായിക മേള മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നായി അയ്യായിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ വിവിധ കായിക ഇനങ്ങളിലായി അണിനിരക്കും. പ്രശസ്ത കോച്ച് ദ്രോണാചാര്യ, പത്മശ്രീ ഒ.എം നമ്പ്യാരുടെ മണിയൂരിലെ വീട്ടില്‍ നിന്നും കായികതാരം എ.എം വിന്‍സി തെളിയിച്ച ദീപശിഖ പ്രയാണം സ്റ്റേഡിയത്തില്‍ എത്തി വലംവെച്ചു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.രേഖ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ. മോഹനന്‍,
ജില്ലാ പഞ്ചായത്ത് മെമ്പര്‍ റംസീന നരിക്കുനി, കോഴിക്കോട് ഡി.ഇ.ഒ കെ. പി ധനേഷ്, ജില്ലാ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ഡോ. എം ഷിംജിത്ത്, ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി മുഹമ്മദ് ഷാഫി, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എം.എ നാസിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 24 ന് നടക്കുന്ന സമാപന സമ്മേളനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.