. യുവാവിന്‍റെ കൈയിലിട്ട കമ്പി മാറിപ്പോയെന്ന് പരാതി
. വീഴ്ച പറ്റിയിട്ടില്ലെന്ന് അധികൃതര്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. ബൈക്കപടത്തില്‍ കൈയുടെ എല്ല് പൊട്ടിയ യുവാവിന്‍റെ കൈയിലിട്ട കമ്പി മാറിപ്പോയെന്ന കുടുംബത്തിന്‍റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. മറ്റൊരു രോഗിക്ക് നിര്‍ദേശിച്ച കാലിലെ കമ്പി ഇട്ടു എന്നാണ് പരാതി. നാലുവയസുകാരിയ്ക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയതിന്‍റെ മൂന്നാം ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്.
മേയ് 11 ന് കണ്ണഞ്ചേരിയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് അജിത്തിന് ഗുരുതര പരുക്കേറ്റത്. ആദ്യം ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എല്ല് പൊട്ടിയ കൈയില്‍ കമ്പി ഇടാനുള്ള ശസ്ത്രക്രിയ ശനിയാഴ്ച ഉച്ചയോടെ പൂര്‍ത്തിയാവുകയും ചെയ്തു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ അജിത്തിന്‍റെ കൈയിലിട്ടത്. തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്ന് അജിത്തിന്‍റെ അമ്മ പറഞ്ഞു. വൈകിട്ട് എക്സറേ എടുത്തപ്പോഴാണ് ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ക്ക് ശസ്ത്രക്രയയിലെ പിഴവ് മനസിലായതെന്ന് കുടുംബം പറയുന്നു.
വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ഡോക്ടര്‍ പറഞ്ഞതോടെ കുടുംബം പ്രതിഷേധിച്ചു. തുടര്‍ന്ന് ഉടന്‍ ശസ്തക്രിയ ആവശ്യമില്ലെന്ന് ഡോക്ടര്‍ മടങ്ങുകയായിരുന്നു. ഇതോടെ ഇക്കാര്യങ്ങള്‍ കാണിച്ച് ഇവര്‍ നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. ആശുപത്രിയിലെത്തി യുവാവിന്‍റെ മൊഴിയുമെടുത്തു. എന്നാല്‍ ശസ്ത്രക്രിയയില്‍ അപാകതയില്ലെന്ന് ഓര്‍ത്തോ മേധാവി ജേക്കബ് മാത്യു പറഞ്ഞു. ഓരോ ഒടിവിനും ഓരോ കമ്പിയാണ് ഇടുക. കമ്പി മാറിപ്പോയിട്ടില്ല. പുറത്തെടുക്കേണ്ട കമ്പിയാണെന്നും രണ്ടാമത് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.