കോഴിക്കോട്: പതിനഞ്ചാം നിയമസഭയിലേക്ക് ഏപ്രില്‍ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 13 നിയോജകമണ്ഡലങ്ങളിലായി 3,790 പോളിംഗ് ബൂത്തുകളാണ് സജ്ജമായിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വോട്ടെടുപ്പ്. 25,58,679 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് പോളിംഗ് സമയം. 80നു മുകളില്‍ പ്രായമുള്ളവര്‍, ശാശീരിക വെല്ലുവിളി നേരിടുന്നവര്‍, കോവിഡ് രോഗികള്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയത് ഇത്തവണത്തെ സവിശേഷതയാണ്. ജില്ലയില്‍ ഈ വിഭാഗത്തില്‍ 33,734 വോട്ടര്‍മാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് ഇവര്‍ക്ക് വോട്ടുചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയത്. ഓരോ നിയോജകമണ്ഡലത്തിലും 30 പോളിംഗ് ടീമുകളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അവശ്യസര്‍വീസുകാര്‍ക്കും ഇത്തവണ തപാല്‍വോട്ട് അനുവദിച്ചിരുന്നു. ജില്ലയില്‍ ഈ വിഭാഗത്തില്‍പ്പെട്ട 4293 പേര് 13 മണ്ഡലങ്ങളിലുമൊരുക്കിയ പ്രത്യേക പോളിംഗ് കേന്ദ്രത്തിലെത്തി വോട്ടു രേഖപ്പെടുത്തി. കോവിഡ് പശ്ചാത്തലത്തില്‍ ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അധിക ബൂത്ത് ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലെ തിരക്ക് കുറയ്ക്കാനും വോട്ടെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനും ഇതുവഴി കഴിയും. വോട്ടെടുപ്പ് ദിവസം കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നവിധമാണ് ബൂത്തുകളുടെ പ്രവര്‍ത്തനം. സാമൂഹിക അകലം, തെര്‍മല്‍ സ്കാനിംഗ് ഉപകരണം, മാസ്ക്, സാനിറ്റൈസര്‍, സോപ്പും വെള്ളവും തുടങ്ങിയ സൗകര്യങ്ങള്‍ ബൂത്തുകളിലുണ്ടാവും. കോവിഡ് രോഗികള്‍ക്കും രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കും അവസാനമണിക്കൂറില്‍ ക്യൂവിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ടു ചെയ്തതിനുശേഷം പിപിഇ കിറ്റ് ധരിച്ച് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവര്‍ക്കും അവസാന മണിക്കൂറില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വോട്ടു ചെയ്യാം. പരിസ്ഥിതി, ഭിന്നശേഷി സൗഹൃദ ബൂത്തുകളാണ് തയാറാക്കിയിട്ടുള്ളത്. കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ടു ചെയ്യാന്‍ ബ്രെയില്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് നല്‍കും. സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി 7234 സംസ്ഥാന, കേന്ദ്ര, സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. റൂറല്‍ പോലീസ് പരിധിയിലെ 2435 ബൂത്തുകളില്‍ 29 ക്രിട്ടിക്കല്‍ ബൂത്തുകളും 401 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്.
852 കേന്ദ്രസേന ഉദ്യോഗസ്ഥരെയും 1562 സ്പെഷല്‍ പോലീസുകാരെയുമാണ് ഇവിടെ വിന്യസിക്കുക. 24 വീതം സ്റ്റാറ്റിക് സര്‍വയലന്‍സ്, ആന്റി ഡിഫെസ്മെന്റ്, എക്സ്പെന്‍ഡിച്ചര്‍ ഫ്ളൈയിംഗ് സ്ക്വാഡുകള്‍ റൂറല്‍ പരിധിയില്‍ നിരീക്ഷണത്തിനുണ്ടാവും. സിറ്റി പോലീസ് പരിധിയില്‍ ആകെയുള്ള 1355 പോളിംഗ് ബൂത്തുകളില്‍ 14 എണ്ണം ക്രിട്ടിക്കല്‍ ബൂത്തുകളും 98 എണ്ണം സെന്‍സിറ്റീവ് ബൂത്തുകളുമാണ്. 232 കേന്ദ്രസേന ഉദ്യോഗസ്ഥരും 886 സ്പെഷല്‍ പോലീസുകാരും 15 വീതം നിരീക്ഷണ സ്ക്വാഡുകളും ഡ്യൂട്ടിക്കുണ്ട്. ക്രിട്ടിക്കല്‍, സെന്‍സിറ്റീവ് ബൂത്തുകളിലെ വോട്ടിംഗ് നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും. ഇരട്ടവോട്ട് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം വോട്ടര്‍മാരുടെ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലഭ്യമാക്കും. ഇവര്‍ വോട്ടുചെയ്യാനെത്തുമ്പോള്‍ കയ്യൊപ്പിനൊപ്പം വിരലടയാളവും രേഖപ്പെടുത്തും. ഇവരില്‍നിന്നും സത്യവാംഗ്മൂലം എഴുതിവാങ്ങുന്നതിനൊപ്പം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഫോട്ടോ മൊബൈലില്‍ പകര്‍ത്തും.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലന ക്ലാസുകള്‍ പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികള്‍ അഞ്ചിന് 13 മണ്ഡലങ്ങളിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ വാക്സിനേഷന് നടപടികള്‍ ജില്ലയില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്സിന് സൗകര്യമൊരുക്കിയതിനു പുറമേ മെഗാ ക്യാമ്പുകളും മൊബെല്‍ യൂണിറ്റുകളും വഴി പരമാവധി പേര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
ആളുകള്‍ കൂടാനിടയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഏപ്രില്‍ നാലിന് വൈകുന്നേരം ഏഴു മുതല്‍ ഏപ്രില്‍ ആറിന് വൈകുന്നേരം ഏഴുവരെ ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
