കോഴിക്കോട്: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാലിയര്‍ പുഴയുടെ കുറുകെയുള്ള ഊര്‍ക്കടവ് റെഗുലേറ്റര്‍ ബ്രിഡ്ജിന്‍റെ 17 ഷട്ടറുകളും ഉയര്‍ത്തി. കനത്ത മഴയില്‍ കോട്ടൂളിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്‍റെ മതില്‍ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് അപകടം. ഇരുപത് മീറ്റര്‍ ഉയരത്തിലുള്ള കോണ്‍ക്രീറ്റ് മതിലാണ് തകര്‍ന്നത്. അപകട സാധ്യത തുടരുന്നതിനാല്‍ എട്ട് കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു.
കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. തൊട്ടില്‍പ്പാലത്ത് വലിയ പറമ്പത്ത് സക്കീനയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചക്കിട്ടപാറയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു. പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീടാണ് തകര്‍ന്നത്. കിടപ്പ് രോഗിയാണ് ത്രേസ്യാമ്മ. മകനും കുടുംബവും ഒപ്പമുണ്ട്. തലനാരിഴക്കാണ് പരുക്കേല്‍ക്കാതെ ഇവര്‍ രക്ഷപ്പെട്ടത്. വീട് പൂര്‍ണ്ണമായും അപകടാവസ്ഥയിലാണ്. നാട്ടുകാര്‍ കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.മലപ്പുറം ചെമ്പ്രശ്ശേരിയില്‍ മഴയില്‍ വീട് തകര്‍ന്ന് വീണു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്‍റെ വീടാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നു. സുരേഷും, ഭാര്യയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊണ്ടോട്ടിയില്‍ വീടിന്‍റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കില്‍ കൊയപ്പ രാജേഷിന്‍റെ വീടിന്‍റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരാണ് വീട്ടില്‍ താമസിക്കുന്നത്.
കണ്ണൂരില്‍ മലയോര മേഖലയില്‍ കനത്ത മഴയാണ്. പുഴകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. മാട്ടറ, വയത്തൂര്‍ ചപ്പാത്തുകള്‍ വെള്ളത്തിനടിയിലാണ്. എടൂര്‍ പാലത്തിന്‍കടവ് റോഡിന്‍റെ ഒരുഭാഗം ഇടിഞ്ഞു. ചെമ്പിലോട് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു.