കോളജുകളില്‍ ഒരു മാസത്തിനകം പരാതി പരിഹാരസെല്‍ നിലവില്‍ വരും : മന്ത്രി ആര്‍.ബിന്ദു

Latest News

തിരുവനന്തപുരം :സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ത്ഥി പരാതിപരിഹാര സെല്‍ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു.
കോളജ് പ്രിന്‍സിപ്പാള്‍ (സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവി) ചെയര്‍പേഴ്സണായാണ് സെല്‍ നിലവില്‍ വരിക. പ്രിന്‍സിപ്പല്‍/ സര്‍വ്വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ (ഒരാള്‍ വനിത) സമിതിയിലുണ്ടാകും.
കോളേജ് യൂണിയന്‍ /ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റുഡന്‍റസ് യൂണിയന്‍ ചെയര്‍പേഴ്സണ്‍, വിദ്യാര്‍ത്ഥികളില്‍ നിന്നും അവരാല്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍/സര്‍വ്വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥി, എസ്സി-എസ്ടി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥി എന്നിവരും സമിതിയിലുണ്ടാകും.
പുറമെ, പിടിഎ പ്രതിനിധി, സര്‍വ്വകലാശാലാ പ്രതിനിധിയായി സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന അധ്യാപകന്‍/അദ്ധ്യാപിക എന്നിവരും ചേര്‍ന്നാണ് സെല്ലിന്‍റെ ഘടന.
ഭൂരിപക്ഷാടിസ്ഥാനത്തില്‍ സെല്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ചെയര്‍പേഴ്സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെല്‍ കണ്‍വീനറെ സമിതിക്ക് തെരഞ്ഞെടുക്കാം.സമിതിയുടെ അധികാരപരിധിയും വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്.
സര്‍വ്വകലാശാലയുടെ/ കോളേജിന്‍റെ പ്രഖ്യാപിത മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തത്, സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും, കോളേജ് നല്‍കുന്ന സേവനങ്ങള്‍ക്ക് പ്രഖ്യാപിതനയങ്ങള്‍ക്ക് വിരുദ്ധമായി അധികഫീസ് വാങ്ങുന്നത്,
അടിസ്ഥാനസൗകര്യങ്ങളില്‍ ഉള്ള കുറവുകള്‍, പരീക്ഷസംബന്ധമായ എല്ലാ വിധ പരാതികളും, ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോ ഭിന്നശേഷിപരമോ ആയ വേര്‍തിരിവുകളുണ്ടാക്കല്‍, അധികാരികളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സഹവിദ്യാര്‍ത്ഥികളില്‍നിന്നും ജീവനക്കാരില്‍നിന്നുമുണ്ടാകുന്ന മാനസിക-ശാരീരികപീഡനങ്ങള്‍, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയിലെല്ലാം സ്ഥാപനത്തില്‍ നിലവിലുള്ള സംവിധാനങ്ങളില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സെല്ലില്‍ പരാതിനല്‍കാം.
സര്‍വകലാശാലാ നിയമങ്ങള്‍ പ്രകാരം ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന്‍റെ പരിഗണനാ വിഷയമായിരിക്കും.പരാതികള്‍ക്കുമേല്‍ സര്‍വ്വകലാശാലാ തലത്തില്‍ അപ്പീല്‍ സംവിധാനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *