കോര്‍പ്പറേഷന്‍ പരിധിയില്‍ പ്ലാസ്റ്റിക്,റബ്ബര്‍ ഉള്‍പ്പെടെ മാലിന്യം കത്തിക്കല്‍ വ്യാപകമെന്ന് ആക്ഷേപം

Top News

കോഴിക്കോട് : പ്ലാസ്റ്റിക്കും റബ്ബറും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലത്തും വീട്ടുപറമ്പുകളിലും കത്തിക്കുന്നത് തടയാന്‍ നിയമം പ്രാബല്യത്തില്‍ ഉണ്ടെങ്കിലും കുറ്റകരമായ ഈ പ്രവര്‍ത്തി നിര്‍ബാധം തുടരുകയാണ്.തുറസ്സായസ്ഥലത്ത് പ്ലാസ്റ്റിക്,റബര്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ക്ക് തീയിടുമ്പോള്‍ ഉണ്ടാകുന്ന പുക വന്‍തോതില്‍ അന്തരീക്ഷ മലിനീകരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് മാലിന്യങ്ങള്‍ കത്തിക്കുന്നത് നിരോധിച്ചത്. പഞ്ചായത്ത് രാജ് ആക്ടനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യാം.
എന്നാല്‍ റോഡരികിലും വീട്ടുപറമ്പുകളിലുമെല്ലാം ഇത്തരം മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു.പ്രത്യേകിച്ചും ജനസാന്ദ്രതയേറിയ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മാലിന്യം കത്തിക്കുന്നത് തടസ്സമില്ലാതെ തുടരുകയാണെന്ന് ആക്ഷേപമുണ്ട്. മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുകശ്വസിച്ചാല്‍ ശ്വാസംമുട്ടല്‍, അലര്‍ജി എന്നിവ ക്ഷണനേരംകൊണ്ട് അനുഭവപ്പെടും.ഭാവിയില്‍ കാന്‍സര്‍ പോലുള്ളമാരകരോഗങ്ങള്‍ക്ക് ഇടയാ ക്കുകയും ചെയ്യും.
നിയമത്തെക്കുറിച്ചും ശിക്ഷാ നടപടികളെക്കുറിച്ചും അറിവില്ലാത്തതിനാല്‍ പ്ലാസ്റ്റിക്കും റബ്ബറും ഉള്‍പ്പെടെ തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുന്നവരുണ്ട് .എന്നാല്‍ നിയമ നടപടികളെക്കുറിച്ച് നന്നായി അറിയുന്നവരും സൗകര്യംനോക്കി ഇവ കത്തിക്കുന്നുണ്ട്. ഇത്തരം ആളുകളാണ് കൂടുതല്‍ അപകടകരം.
തിരക്കേറിയ നിരത്തോരത്ത് പോലും ടയറുകള്‍ക്ക് തീയിടുന്നവരുണ്ടെന്നു പരാതിയുണ്ട്. ഒരു സാധാരണകാര്യം ചെയ്യുന്നതുപോലെയാണ് ഇക്കൂട്ടരുടെ മനോഭാവം. വീട്ടുപറമ്പിലും പ്ലാസ്റ്റിക്, ടയര്‍ ഉള്‍പ്പെടെ കത്തിച്ച് ‘മാലിന്യ സംസ്കരണം’ നടത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്.ഇത്തരം തെറ്റായ ചെയ്തികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.അതോടൊപ്പം ബോധവല്‍ക്കരണം കാര്യക്ഷമവും ശക്തവുമാക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുകയാണ്. കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍ വഴി വീടുകള്‍ തോറും ഇതിനെതിരെ ബോധവല്‍ക്കരണം നടത്തണം. മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകശ്വസിച്ചാല്‍ വരുന്ന രോഗങ്ങളെപ്പറ്റിയും അന്തരീക്ഷ മലിനീകരണത്തെപ്പറ്റിയും, നിയമത്തെപ്പറ്റിയും ശിക്ഷയെപ്പറ്റിയുമെല്ലാം ബോധവല്‍ക്കരണം ഫലപ്രദമായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *