കോയമ്പത്തൂര്‍ സ് ഫോടനം : ഏഴുപേരെ കസ്റ്റഡിയിലെടുത്തു

Top News

ചെന്നൈ: കോയമ്പത്തൂരില്‍ സ്ഫോടനം നടന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാര്‍ പൊട്ടിത്തറിച്ച് യുവാവ് മരിച്ച സംഭവം ചാവേര്‍ ആക്രമമാണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഞായരാഴ്ച പുലര്‍ച്ചെ നാലോടെ കോയമ്പത്തൂര്‍ ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നില്‍ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉക്കടം സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ ജമേഷ മുബിന്‍ (25) ആണ് സ്ഫോടനത്തില്‍ മരിച്ചത്.നാലുപേര്‍ ചേര്‍ന്ന് സ്ഫോടനം നടന്ന കാറില്‍ സാധനങ്ങള്‍ എടുത്തുവയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്ഫോടനസമയത്ത് പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടര്‍ ആകാം ഇതെന്നാണ് നിഗമനം. സ്ഫോടനം നടന്ന ടൗണ്‍ ഹാളിന് സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്‍റെ വീടിന് സമീപത്തെ ദൃശ്യങ്ങളുമാണ് പൊലീസിന് ലഭിച്ചത്. രാത്രി 11.45 സിസിടിവിയില്‍ റെക്കോര്‍ഡ് ആയ ദൃശ്യങ്ങളാണ് പരിശോധിച്ചത്.ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ജമേഷയെ ബന്ധപ്പെട്ടവരെയും ജമേഷ സന്ദര്‍ശിച്ചവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ജമേഷ മുബിനെ 2019ല്‍ ഐ എസ് ബന്ധം ആരോപിച്ച് എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ് നടത്തിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ജമേഷയുടെ ഉക്കടത്തെ വീട്ടില്‍ നടന്ന പരിശോധനയില്‍ സ്ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തിയതാണ് ചാവേര്‍ ആക്രമണമാണെന്ന സംശയത്തിന് കാരണം. പൊട്ടാസ്യം നൈട്രേറ്റ്, ചാര്‍ക്കോള്‍, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയാണ് ജമേഷയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.
നഗരത്തില്‍ ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ വലിയ സ്ഫോടനത്തിന് ഇയാള്‍ പദ്ധതിയിട്ടതായാണ് പൊലീസിന്‍റെ നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ ജമേഷ വീട്ടില്‍ തനിച്ചായിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവര്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *