കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണര്‍ വി. ബാലകൃഷ്ണന്‍. പിടിയിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തി. സ്ഫോടനത്തിന് ഉയോഗിച്ച കാറ് 10 തവണ കൈമറിഞ്ഞെത്തിയതാണെന്നും കമ്മീഷണര്‍ പറഞ്ഞു. അന്വേഷണ സംഘം വിപുലീകരിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും.സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്ഫോടനത്തിന്‍റെ ആസൂത്രണത്തിലും പങ്കുണ്ടെന്ന് പ്രാഥമികമായിത്തന്നെ വ്യക്തമായ അഞ്ചുപേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫിറോസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ക്ക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. എല്ലാവരും കോയമ്പത്തൂര്‍ ജി.എം.നഗര്‍, ഉക്കടം സ്വദേശികളാണ്.
സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീനെ ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ സഹ്റന്‍ ഹാഷിമുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ മുമ്പ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ഒരു ഐസിസ് ഉപഗ്രൂപ്പുമായി ജമേഷയും സംഘവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നതടക്കം സൂചനകളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎയും പ്രാധമിക അന്വേഷണം തുടങ്ങി. ശ്രീലങ്കന്‍ ഈസ്റ്റര്‍ ദിന സ്ഫോടനങ്ങളുടെ മാതൃകയില്‍ തെക്കേ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ജമേഷ മുബീന്‍റെ വീട്ടില്‍ നിന്ന് ബോംബ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുശേഖരം കണ്ടെത്തിയിരുന്നു.