കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസ് എന്‍.ഐ.എക്ക് കൈമാറണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

Top News

ചെന്നൈ: കോയമ്പത്തൂര്‍ ഉക്കടം കാര്‍ സ്ഫോടന കേസ് എന്‍.ഐ.എക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് ശിപാര്‍ശ നല്‍കി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. കേസിന്‍റെ ഗൗരവം കണക്കിലെടുത്താണ് കേസ് എന്‍.ഐ.എക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി ശിപാര്‍ശ ചെയ്തത്.സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്നലെ ചെന്നൈയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.ജി.പി ശൈലേന്ദ്ര ബാബു ഐ.പി.എസ്, ചീഫ് സെക്രട്ടറി ഇറൈ അന്‍പ്, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് കേസ് എന്‍.ഐ.എക്ക് കൈമാറാന്‍ ശിപാര്‍ശ ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് കോയമ്പത്തൂര്‍ നഗരത്തിലെ ഉക്കടം കോട്ടമേട് ക്ഷേത്രത്തിന് സമീപം കാര്‍ പൊട്ടിത്തെറിച്ച് ജമീഷ മുബീന്‍ എന്ന യുവാവ് മരിച്ചത്. ഗ്യാസില്‍ ഓടുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്രത്തിന് മുമ്പിലുണ്ടായ അപകടം ചാവേര്‍ ആക്രമണമാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ തമിഴ്നാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലാവുകയും ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ജമീഷ മുബീന്‍റെ സുഹൃത്തുക്കളായ ഫിറോസ് ഇസ്മായില്‍, നവാസ് ഇസ്മായില്‍, മുഹമ്മദ് ദന്‍ഹ, മുഹമ്മദ് നിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. കലാപം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ പറഞ്ഞു.നിലവില്‍ നാലു തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോയമ്പത്തൂര്‍ പൊലീസ് പ്രതികള്‍ക്ക് കിട്ടിയ സഹായം, ഗൂഢാലോചന എന്നിവയാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. സ്ഫോടനത്തിനു ഉപയോഗിച്ച ചേരുവകള്‍, അവ എങ്ങനെ കിട്ടി തുടങ്ങിയവ കാര്യത്തില്‍ പൊലീസും ഫോറെന്‍സിക് സംയുക്ത അന്വേഷണം നടക്കുന്നുണ്ട്. കൂടുതല്‍ അറസ്റ്റും ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *