കോപ്റ്റര്‍ ദുരന്തം: മലയാളി ജവാന്‍ പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

Latest News

തൃശ്ശൂര്‍ : കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ എ പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും.ഡിഎന്‍എ പരിശോധന പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസം വരെ എടുത്തേക്കും. കുടുംബത്തിലെ ആരുടെയും ഡിഎന്‍എ സാമ്പിള്‍ ഇതുവരെ എടുത്തിട്ടില്ലെന്ന് പ്രദീപിന്‍റെ സഹോദരന്‍ പ്രസാദ് പറഞ്ഞു.വിമാന മാര്‍ഗം നെടുമ്പാശ്ശേരിയില്‍ എത്തിച്ച ശേഷം റോഡു മാര്‍ഗം തൃശൂരിലേക്ക് കൊണ്ടുപോകും. മൃതദേഹം കൊണ്ടുവരുന്നതിന് ഒരു ദിവസം മുന്‍പ് അറിയിക്കുമെന്നാണ് കിട്ടിയ വിവരമെന്നും സഹോദരന്‍ പറഞ്ഞു. കൂനൂരിന് സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം പൊള്ളലേറ്റ് ചികിത്സയിലാണ്.തൃശൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍റെ മകനാണ് പ്രദീപ്. ഭാര്യ ശ്രീലക്ഷ്മിക്കും അഞ്ചും രണ്ടും വയസ്സുള്ള മക്കള്‍ക്കുമൊപ്പം കോയമ്പത്തൂര്‍ സൈനിക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. അച്ഛന്‍റെ ചികിത്സാ ആവശ്യത്തിനായി നാട്ടില്‍ എത്തിയ പ്രദീപ്, തിരികെ ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടമുണ്ടായത്. പ്രദീപിന്‍റെ രോഗിയായ അച്ഛനെ മരണ വിവരം അറിയിച്ചിട്ടില്ല.
പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയശേഷം 2002ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫിറ്റര്‍ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018ല്‍ കേരളത്തിലെ പ്രളയ സമയത്ത് കോയമ്ബത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചു. ഒട്ടേറെ ജീവനുകള്‍ രക്ഷിച്ച ആ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സര്‍ക്കാരും അഭിനന്ദിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *