കൊച്ചി: കോതമംഗലം സംഘര്‍ഷത്തില്‍ നാലാമത്തെ കേസില്‍ എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ജാമ്യം. ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിലാണ് ജാമ്യം. കോതമംഗലം സംഘര്‍ഷത്തില്‍ ആദ്യ രണ്ടു കേസുകളില്‍ ഷിയാസിന് കോടതി ജാമ്യം നല്‍കിയിരുന്നു. പൊലീസ് വാഹനം ആക്രമിച്ചെന്ന കേസില്‍ ഷിയാസിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കൂടാതെ കേസില്‍ ഷിയാസിനു കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ മാസം 16 വരെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതിഷേധത്തിനെതിരെയെടുത്ത രണ്ടു കേസുകളില്‍ മുഹമ്മദ് ഷിയാസിനും മാത്യു കുഴല്‍നാടനും ഇന്നലെ രാവിലെ ജാമ്യം ലഭിച്ചിരുന്നു. ഇവരോടൊപ്പം അറസ്റ്റിലായ 14 പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചു. ഇതിനുപിന്നാലെ പൊലീസ് വാഹനം ആക്രമിച്ചെന്ന കേസില്‍ ഷിയാസിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം പൊലീസ് നടത്തിയത്.
കോടതിയില്‍നിന്നു ജാമ്യം ലഭിച്ചു പുറത്തിറങ്ങി മാധ്യമങ്ങളോടു സംസാരിച്ചശേഷം എറണാകുളത്തേക്കു പോകാന്‍ വാഹനത്തില്‍ കയറവെയായിരുന്നു വീണ്ടും അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചത്. ഇതിനിടെ ഷിയാസ് കോടതിയിലേക്ക് ഓടി കയറുകയായിരുന്നു. തന്‍റെ അറസ്റ്റ് തടയണമെന്നു കോടതിയോടു മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച ശേഷമാണ് ഷിയാസിന് കോടതി ജാമ്യം അനുവദിച്ചത്.