തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന പി.എസ്.പ്രശാന്തിനു പുതിയ ചുമതല. കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്‍റായാണു നിയമനം. കെ.പി.സി.സി സെക്രട്ടറിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് സ്ഥാനാര്‍ഥിയുമായിരുന്നു പി.എസ് പ്രശാന്ത്.
ഡി.സി.സി പ്രസിഡന്‍റായി പാലോട് രവി നിയമിതനായതിനെ ചൊല്ലി ആരോപണം ഉന്നയിച്ചതിന് പി.എസ് പ്രശാന്തിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് പി.എസ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. എ.കെ.ജി സെന്‍ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സി.പി.എമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. ഉപാധികളില്ലാതെയാണ് സി.പി.എമ്മില്‍ ചേര്‍ന്നത് എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.