കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം

Kerala

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി. ഇഷ്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്താന്‍ ബാലറ്റില്‍ ‘ശരി’ ചിഹ്നം (ടിക്ക് മാര്‍ക്ക് )രേഖപ്പെടുത്തണമെന്നും മറ്റേതെങ്കിലും രീതിയില്‍ വോട്ടു നല്‍കിയാല്‍ അസാധുവാകുമെന്നും സമിതി അറിയിച്ചു.
നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശപ്രകാരം വോട്ട് രേഖപ്പെടുത്താന്‍ താല്‍പ്പര്യമുള്ള പേരിനു സമീപത്തുള്ള കളത്തില്‍ ‘1’ എന്നെഴുതണമെന്നായിരുന്നു.എന്നാല്‍ ഈ നീക്കം ബാലറ്റ് പേപ്പറില്‍ ഒന്നാം ക്രമനമ്പര്‍ ആയി രേഖപ്പെടുത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അനര്‍ഹമായ പരിഗണന ലഭിക്കുമെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി ശശിതരൂര്‍ അടക്കമുള്ളവര്‍ പരാതി ഉന്നയിച്ചിരുന്നു. രണ്ടാം ക്രമനമ്പറായി പേരുള്ള ശശിതരൂരിന് വോട്ട് രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ആരോപണമുയര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് കേന്ദ്ര ഇലക്ഷന്‍ സമിതി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്. 22 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്.എ ഐ സി സി കളിലും പി സി സി കളിലും 67 ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.ഭാരത്ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിക്കും കൂടെയുള്ള വോട്ടര്‍മാര്‍ക്കും പ്രത്യേക ബൂത്തുകള്‍ ഉണ്ട്. 9 308 വോട്ടര്‍മാര്‍ രഹസ്യ ബാലറ്റിലൂടെയാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുക. ബാലറ്റ് വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിക്കും. ബുധനാഴ്ച വോട്ടെണ്ണും.
സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് ആദ്യം നിശ്ചയിച്ചിരുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിപദം വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലാത്ത ഗലോട്ട് അതില്‍ നിന്ന് പിന്മാറി.തുടര്‍ന്നാണ് എണ്‍പതുകാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മത്സരിച്ചില്ലെങ്കില്‍ താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന് ശശിതരൂര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആരാകും കോണ്‍ഗ്രസ് അധ്യക്ഷന്‍? മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ശശിതരൂരോ..

Leave a Reply

Your email address will not be published. Required fields are marked *