കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും

Kerala

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ 7897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെ ആധികാരിക ജയം സ്വന്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി.
നേരത്തെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. യുപിയുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വോട്ടിംഗ് സമയത്ത് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവരും ലഖ്നൗവില്‍ വോട്ട് ചെയ്തുവെന്നായിരുന്നു തരൂരിന്‍റെ പരാതി. ഒപ്പം ബാലറ്റ് പെട്ടി സീല്‍ ചെയ്തത് ശരിയായ രീതിയിലായിരുന്നില്ലെന്നും ശശി തരൂര്‍ പരാതിയായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണമെന്ന തരൂരിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് സമിതി തള്ളി. ഇതിനു പിന്നാലെയാണ് വോട്ടെണ്ണലിന്‍റെ ഫലം പുറത്തുവന്നത്.
നെഹ്റുകുടുംബത്തിനു പുറത്തുനിന്ന് 24 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍.നെഹ്റു കുടുംബത്തിലെ വിശ്വസ്തനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നത് ശ്രദ്ധേയമാണ്. ജഗജീവന്‍റാമിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്ന ദളിത് നേതാവ് കൂടിയാണ് ഖാര്‍ഗെ.മുതിര്‍ന്നനേതാക്കളുടെ പിന്തുണയോടെ ഔദ്യോഗിക പരിവേഷത്തോടെ മത്സരിച്ച ഖാര്‍ഗെയുടെ വിജയം സുനിശ്ചിതമായിരുന്നു.
കര്‍ണാടകയില്‍നിന്നുള്ള മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് പദവി രാജിവച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.
ലോക്സഭയിലും നിയമസഭയിലുമായി 12 തെരഞ്ഞെടുപ്പുകള്‍ നേരിട്ട ഖാര്‍ഗെ പരാജയപ്പെട്ടത് 2019 ലെ തെരഞ്ഞെടുപ്പില്‍ മാത്രം. കര്‍ണാടക കല്‍ബുര്‍ഗി ജില്ലയിലെ ചിതാപുരിയില്‍ നിന്നും ഒമ്പത് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കര്‍ണാടകയിലെ ബിദറില്‍ 1942 ജൂലൈ 21 നാണ് ജനനം. 1969 ല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.1976 ല്‍ കര്‍ണാടക പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയായി. പിന്നീട് വിവിധ മന്ത്രിസഭകളില്‍ ഗ്രാമവികസന, പഞ്ചായത്ത് രാജ്,റവന്യൂ,സഹകരണം, വ്യവസായം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ കേന്ദ്ര റയില്‍വേ,തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു
കോണ്‍ഗ്രസ് അധ്യക്ഷനായി തെ രഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഖാര്‍ഗെ യുടെ ഡല്‍ഹിയിലെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ അഭിനന്ദനവുമായി എത്തി.മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,മകളും ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കഗാന്ധി, എതിര്‍സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി ഖാര്‍ഗെയെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *