കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

Top News

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ 43 സ്ഥാനാര്‍ത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. അസം, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മകന്‍ നകുല്‍ നാഥ് സിറ്റിംഗ് സീറ്റായ മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നിന്നും വീണ്ടും മത്സരിക്കും. രാജസ്ഥാനിലെ ജലോറില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ മകന്‍ വൈഭവ് ഗെഹ്ലോട്ടാണ് സ്ഥാനാര്‍ത്ഥി. ജലോറില്‍ നിന്ന് മത്സരിക്കുന്ന വൈഭവ് ഗെഹ്ലോട്ട് 2019ലെ തിരഞ്ഞെടുപ്പില്‍ ജോധ്പൂരില്‍ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് പരാജയപ്പെട്ടിരുന്നു.
ബി.ജെ.പി വിട്ടെത്തിയ രാഹുല്‍ കസ്വാന്‍ രാജസ്ഥാനിലെ ചുരുവില്‍ നിന്നും രാജസ്ഥാനിലെ മുന്‍ പോലീസ് മേധാവി ഹരീഷ് മീണ ടോങ്ക്-സവായ് മധോപൂരില്‍ നിന്നും മത്സരിക്കും. ബ്രിജേന്ദ്ര ഓല രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്നും മത്സരിക്കും. അസമിലെ ജോര്‍ഹട്ടില്‍ ഗൗരവ് ഗോഗോയിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രാജസ്ഥാന്‍ 10, അസം 13, മധ്യപ്രദേശ് 10, ഉത്തരാഖണ്ഡ് 3, ഗുജറാത്ത് 7, ദാമന്‍ ദ്യു 1 എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. നേരത്തെ കേരളത്തിലെ 16 മണ്ഡലങ്ങളിള്‍ ഉള്‍പ്പെടെ 39 സീറ്റുകളിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *