റായ്പൂര്‍: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഇന്ന് തുടക്കം. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ അന്തിമ തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉണ്ടാകും. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കെ.സി വേണുഗോപാല്‍ തുടര്‍ന്നേക്കും.
കോണ്‍ഗ്രസിന്‍റെ 85 മത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുക. 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആറ് പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. ഉദ്യ്പൂരില്‍ നടന്ന ചിന്തന്‍ ശിബിറിന്‍റെ തുടര്‍ച്ചയാകും ചര്‍ച്ചകള്‍. പാര്‍ട്ടി പദവികളില്‍ 50 ശതമാനം 50 വയസില്‍ താഴെ ഉള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനം ഉണ്ടാകും. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. പി. ചിദംബരം അടക്കമുള്ള ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍ പിന്തുണക്കുമ്പോഴും ഭൂരിഭാഗം നേതാക്കള്‍ക്കും തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിലാണ് ഉള്ളത്. തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി മുതിര്‍ന്ന നേതാക്കളുമായി നേതൃത്വം ഇതിനോടകം ചര്‍ച്ച നടത്തി എന്നാണ് സൂചന. കേരളത്തില്‍ നിന്ന് ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ പേരുകള്‍ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. എ കെ.ആന്‍റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിയും.
ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്ലീനറിയില്‍ പ്രധാന ചര്‍ച്ച. 6 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പും പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നതിനാല്‍ പ്രതിപക്ഷ ഐക്യത്തിനായുള്ള വിശദമായ ചര്‍ച്ച പ്ലീനറിയില്‍ നടക്കും.
