ന്യൂഡല്‍ഹി : രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസിനെതിരെയും കോണ്‍ഗ്രസ് ഭരണകാലത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .ഇന്ത്യക്ക് നഷ്ടപ്പെട്ട കാലമാണ് 2004 മുതല്‍ 2014 വരെ. ഇന്ത്യയെ തിരിച്ചുപിടിച്ച കാലമാണ് 2014 ശേഷമുള്ള കാലമെന്നും നരേന്ദ്രമോദി പറഞ്ഞു. അഴിമതിയും അക്രമങ്ങളും ആയിരുന്നു കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യം കണ്ടത്. ഇപ്പോള്‍ അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുവശത്ത് നില്‍ക്കുകയാണ്.
കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നിരിക്കുകയാണെന്നും വോട്ടുചെയ്യുന്നവര്‍ക്കുപോലും സാധിക്കാത്ത കാര്യമാണ് അതെന്നും മോദി പരിഹസിച്ചു.രാജ്യത്തെ 25 കോടി കുടുംബങ്ങളുടെ പ്രതിനിധിയാണ് താന്‍. ചിലര്‍ സ്വന്തം കുടുംബത്തിനുവേണ്ടി പോരാടുമ്പോള്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് തന്‍റെ പോരാട്ടമെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് വേണ്ടിയുള്ള തന്‍റെ പോരാട്ടങ്ങള്‍ കള്ളപ്രചരണങ്ങളില്‍ തകരില്ലായെന്നും മോദി പറഞ്ഞു. ലോക്സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം.
പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത് മുതല്‍ പ്രതിപക്ഷം ‘അദാനി അദാനി’ മുദ്രാവാക്യം മുഴക്കി എഴുന്നേറ്റു. അതിനെയെതിര്‍ത്ത് ഭരണപക്ഷാംഗങ്ങള്‍ ‘മോദി മോദി’ മുദ്രാവാക്യവും മുഴക്കി.ബഹളത്തിനിടയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്കരിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി.
രാജ്യത്തെ ജനങ്ങളാണ് തന്‍റെ കവചമെന്നും ദുരാരോപണങ്ങള്‍ ജനം തള്ളുമെന്നും മോദി മറുപടി നല്‍കി. കോണ്‍ഗ്രസ് രാജ്യത്തെ ഒരു കുടുംബത്തെ സഹായിക്കുമ്പോള്‍ താന്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കുകയാണെന്ന് മോദി അവകാശപ്പെട്ടു.