സജിയുടെ രാജി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല : തിരുവഞ്ചൂര്‍
കോട്ടയം : ജില്ലാ യു.ഡി.എഫ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ.ആഗസ്തി ചുമതലയേറ്റു. സജി മഞ്ഞക്കടമ്പില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്.
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യു.ഡി.എഫ് നേതൃയോഗം ചേര്‍ന്നത്. 25 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റായിരുന്ന ആഗസ്തി പിന്നീട് ജോസഫ് വിഭാഗത്തോടൊപ്പം ചേരുകയായിരുന്നു. ആഗസ്തി നേരത്തേയും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ളതാണെന്നും പാര്‍ട്ടി ചെയര്‍മാന്‍റെ തീരുമാനം മറ്റു കക്ഷികള്‍ അംഗീകരിക്കുകയായിരുന്നെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു. സജിയുടെ രാജി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. സജി മടങ്ങിവന്നാല്‍ ബാക്കി ആലോചിക്കാമെന്നും യുദ്ധഭൂമിയില്‍നിന്ന് ഒരാള്‍ പോയാല്‍ ഒന്നും സംഭവിക്കില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണു യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവച്ചത്. മോന്‍സ് ജോസഫ് എംഎല്‍എയുടെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സജി പറഞ്ഞു.