മലപ്പുറം: ജില്ല ആസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ കോട്ടക്കുന്നില്‍ ഇ.എം.എസ് സ്ക്വയര്‍ വരുന്നു. ഇതിനായുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ കരട് രൂപം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. കരട് റിപ്പോര്‍ട്ടില്‍ നാല് കോടിയോളം രൂപയാണ് പദ്ധതിയുടെ ചെലവായി നല്‍കിയിരിക്കുന്നത്. വിശദമായ പദ്ധതി തയാറാക്കാനുണ്ട്. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലാണ് പദ്ധതി തയാറാക്കുന്നത്. ഇത് പൂര്‍ത്തിയായതിനുശേഷം അംഗീകാരത്തിനായി ടൂറിസം വകുപ്പിന് സമര്‍പ്പിക്കും.കോട്ടക്കുന്നിന്‍െറ പ്രധാന കവാടത്തിലും അതിനോടനുബന്ധിച്ചുള്ള മേഖലകളിലുമാണ് വികസനപ്രവൃത്തികള്‍ നടക്കുക. കോട്ടക്കുന്നില്‍ വിവിധ ഭാഗങ്ങള്‍ സൗന്ദര്യവത്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മുന്‍വശത്ത് ഒഴിഞ്ഞുകിടക്കുന്ന ഭാഗവും പ്രവേശന കവാടത്തില്‍ മഴക്കുഴികളുള്ള മേഖലയുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍വശത്ത് ഇരിപ്പിടങ്ങള്‍, ഓപണ്‍ തിയറ്ററുകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടക്കുന്നിലേക്കുള്ള റോഡില്‍ റവന്യൂ വകുപ്പിന്‍െറ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തും അനുബന്ധ വികസന പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇതിനായി സ്ഥലം റവന്യൂ വകുപ്പില്‍നിന്ന് ഡി.ടി.പി.സിക്ക് കൈമാറണം.