തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം. വി ഗോവിന്ദനാണ് സി പി എമ്മിന്‍റെ പുതിയ സംസ്ഥാന സെക്രട്ടറി.ഞായറാഴ്ച രാവിലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത് അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം.സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും എം.വി ഗോവിന്ദന്‍പറഞ്ഞു. എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് പോകും. സെക്രട്ടറി ആകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ല. മന്ത്രിസ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടി തീരുമാനിക്കും. മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കും.
വര്‍ഗീയത, തൊഴിലില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുകയാണ്. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ല. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നും കേരളം ഒരു ബദലായി മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.മന്ത്രിസ്ഥാനം രാജി വച്ച് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന എം.വി ഗോവിന്ദന് മുന്‍ഗാമിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍. നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെയാണ്, ചടയന്‍ ഗോവിന്ദന് പകരക്കാരനായി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. .കോടിയേരിക്ക് പകരം ഗോവിന്ദന്‍ എത്തുമ്പോള്‍, അദ്ദേഹത്തിന് മുന്നില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്.
ഡിവൈഎഫ്ഐ സ്ഥാപക നേതാക്കളില്‍ ഒരാളാണ് എം. വി ഗോവിന്ദന്‍. സംഘടനയുടെ ആദ്യ സംസ്ഥാന പ്രസിഡന്‍റും അദ്ദേഹമാണ്. പിന്നീട് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 2002 -2006 കാലഘട്ടത്തില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ്,അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇതിനുമുമ്പ് തളിപ്പറമ്പില്‍ നിന്ന്1996, 2001വര്‍ഷങ്ങളില്‍ നിയമസഭയിലെത്തി.
