കോടതി ജീവനക്കാരെ ചോദ്യം ചെയ്യും

Top News

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം.ഇതിനായി വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആയിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതായാണ് ഫൊറന്‍സിക് പരിശോധനാ ഫലം. 2018 ജനുവരി 9ന് രാത്രി 9.58, ഡിസംബര്‍ 13ന് 10.58, 2021 ജൂലൈ 19ന് 12.19 എന്നീ സമയങ്ങളില്‍ മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ടെന്നാണ് റിപോര്‍ട്ടിലുള്ളത്. ഒരു തവണ ലാപ്ടോപ്പിലും മറ്റു രണ്ടു തവണ ആന്‍ഡ്രോയ്ഡ് ഫോണിലുമാണ് കാര്‍ഡ് ഉപയോഗിച്ചത്. ഈ ഫോണുകളില്‍ ടെലിഗ്രാം, വാട്ട്സ്ആപ്പ് എന്നീ ആപ്പുകള്‍ ഉണ്ടായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന്‍റെ റിപോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മെമ്മറി കാര്‍ഡില്‍ എട്ട് വീഡിയോ ഫയലുകളാണ് ഉള്ളത്.2020 ജനുവരി 29ന് കേന്ദ്ര ഫൊറന്‍സിക് ലാബ് നല്‍കിയ റിപോര്‍ട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *