കോടതിയെ സമീപിച്ച് വിജയ്

Top News

ചെന്നൈ: തന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെതിരെ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. പതിനൊന്നു പേരെ ഇതില്‍ നിന്നും തടയണം എന്നാണ് വിജയ് നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഈ പതിനൊന്നു പേരില്‍ വിജയിയുടെ മാതാപിതക്കളായ എസ്എ ചന്ദ്രശേഖര്‍,അമ്മ ശോഭ ചന്ദ്രശേഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ബാക്കിയുള്ളവര്‍ വിജയിയുടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാണ്. കേസ് മദ്രാസ് ഹൈക്കോടതി സെപ്തംബര്‍ 27 പരിഗണിക്കും. വിജയുടെ പേരില്‍ പാര്‍ട്ടി ആരംഭിക്കുമെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പത്മനാഭന്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടന്‍ വിജയ്യുടെ ആരാധകരുടെ സംഘടന തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കുന്നത്.ഇതില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കിയെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വിജയ് ഹര്‍ജി നല്‍കിയത്. അംഗങ്ങള്‍ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക.
വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നായിരുന്നു നേരത്തെ വന്ന വിവരം. തന്‍റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങള്‍ സ്വന്തം നിലയില്‍ എന്നവിധം മത്സരിക്കണമെന്നാണ് നിര്‍ദേശം എന്നുമായിരുന്നു വാര്‍ത്ത.

Leave a Reply

Your email address will not be published. Required fields are marked *