ലണ്ടന്‍ : കൊവിഡ് ഭീതിയില്‍ നിന്നും മുക്തമായി ലോകരാജ്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങവേ, കൊവിഡിന്‍റെ ഈറ്റില്ലമായ ചൈനയില്‍ സ്ഥിതി ഒട്ടും ആശ്വാസകരമല്ല.ചൈനയിലെ പല പ്രവിശ്യകളിലും ഒമിക്രോണിന്‍റെ ഉപഭേദങ്ങളായ ബി എഫ് 7 ഉം ബി എ 5.1.7ഉം അതിവേഗത്തില്‍ പടരുകയാണ്.
ഈ രണ്ട് സബ് വേരിയന്‍റുകളും ബാധിക്കപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ബി എ 5.1.7 വൈറസ് ബാധിച്ച കേസുകളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ ഷാവോഗാന്‍, യാന്‍റായ് നഗരങ്ങളിലാണ് ബി എഫ് 7 കേസുകള്‍ കണ്ടെത്തിയത്. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്.വാക്സിനെടുത്തവരിലും, മുന്‍പ് കൊവിഡ് ബാധിച്ചവരിലും വീണ്ടും അസുഖത്തിന് കാരണമാകാന്‍ ശേഷിയുള്ളതാണ് ബി എഫ് 7, ബി എ 5.1.7 വേരിയന്‍റുകളെന്ന് കരുതുന്നു. അതേസമയം വാക്സിനുകളുടെ ഫലപ്രാപ്തിയെ നിഷേധിക്കാന്‍ വിദഗ്ദ്ധര്‍ തയ്യാറല്ല. ഇപ്പോഴും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സിറോ ടോളറന്‍സ് നയം പിന്തുടരുന്ന ചൈന ഷാങ്ഹായും ഷെന്‍ഷെന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സ്കൂളുകളും വിനോദ കേന്ദ്രങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. കൊവിഡ് പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.
ശൈത്യകാലം ആരംഭിക്കാനിരിക്കേ യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നത് വെല്ലുവിളിയായി. കഴിഞ്ഞയാഴ്ച യൂറോപ്യന്‍ യൂണിയനിലെ കൊവിഡ് കേസുകള്‍ പരിശോധിച്ചാല്‍ മൊത്തം കേസുകള്‍ 1.5 ദശലക്ഷത്തിലെത്തി.
ഇത് മുന്‍ ആഴ്ചയേക്കാള്‍ എട്ട് ശതമാനം വര്‍ദ്ധിച്ചതായി കാണാം. ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയുണ്ട്.