വാഷിംഗ്ടണ്‍: കൊവിഡ് മഹാമാരി മൂന്നാംതരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഡെല്‍റ്റ വകഭേദം ലോകത്താകെ പടര്‍ന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഡെല്‍റ്റ ഇതിനോടകം 111 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു ശക്തമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് കൊണ്ട് ടെഡ്രോസ് വ്യക്തമാക്കി.
കൊവിഡിന് ജനിതകമാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുകളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഞെട്ടിപ്പിക്കുന്ന അസമത്വമാണ് ഉള്ളത്. അസമത്വത്തിന്റെ ഫലമായി വിവിധ രാജ്യങ്ങള്‍ വൈറസിനെതിരായ പോരാടുന്നതിന് പ്രത്യേക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ ടുട്രാക്ക് മഹാമാരിയുണ്ടാകുന്നു. വാക്സിനുകള്‍ ലഭ്യമായ രാജ്യങ്ങള്‍ക്കുള്ളതാണ് ഒരു ട്രാക്ക്. അവര്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. വിപണികള്‍ തുറക്കുന്നു. രണ്ടാമത്തെ ട്രാക്ക് വാക്സിന് ലഭ്യമല്ലാത്തവര്‍ക്കുള്ളതാണ്. വൈറസിന്റെ കാരുണ്യത്തില്‍ അവര്‍ അവശേഷിക്കുന്നു ടെഡ്രോസ് പറഞ്ഞു.
യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും വാക്സിനേഷന് വേഗത്തിലായതോടെ ഇവിടങ്ങളില്‍ കൊവിഡിന് കുറച്ച് നാളായി ശമനമുണ്ട്. എന്നാല്‍, ആഗോളതലത്തില്‍ ഇത് നേരെ വിപരീതമാണ്. കേസുകള്‍ വീണ്ടും ഉയരുന്നു ഡബ്ലിയു.എച്ച്.ഒ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ നാല് ആഴ്ചകളായി കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഡെല്‍റ്റയാണ് വ്യാപനത്തിന് കാരണമെന്നാണ് ഡബ്ലിയു.എച്ച്.ഒയുടെ വിലയിരുത്തല്‍.കൊവിഡിനെ തടയാന്‍ വാക്സിനേഷന് പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം പ്രയോജനമില്ല. സമഗ്രമായ റിസ്ക് മാനേജ്മെന്റ് സമീപനം വേണം ഡബ്ലിയു.എച്ച്.ഒ വ്യക്തമാക്കി.
