ചെന്നൈ: കൊവിഡ് ഭയത്തെതുടര്‍ന്ന് വിഷം കഴിച്ച 23 കാരിയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടു. തമിഴ്നാട് മധുര സ്വദേശിയായ ജോതികയാണ് മരണപ്പെട്ടത്.
അമ്മയും സഹോദരന്മാരും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ചു. ഇവരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു.
മരണപ്പെട്ട ജോതിക ഭര്‍ത്താവുമായി പിരിഞ്ഞ് അമ്മ ലക്ഷ്മിയോടൊപ്പമാണ് താമസിച്ചിരുന്നത്. ജനുവരി എട്ടിന് ജോതികയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അണുബാധ പടരുമെന്ന് ഭയന്നാണ് കുടുംബം വിഷം കഴിച്ചതെന്നാണ് സൂചന.
അയല്‍ക്കാര്‍ അടുത്ത ദിവസം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് അഞ്ചുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജോതികയുടെയും മകന്‍റെയും ജീവന്‍ രക്ഷിക്കാനായില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൊവിഡ് ഭയമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും കൊവിഡ് പോസിറ്റീവായാല്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.