മസ്കറ്റ്; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലെയും ബീച്ചുകളും പൊതു പാര്‍ക്കുകളും ഫെബ്രുവരി 11 മുതല്‍ രണ്ടാഴ്ചത്തേക്ക് അടയ്ക്കും.
വിശ്രമ കേന്ദ്രങ്ങള്‍, ഫാമുകള്‍, വിന്റര്‍ ക്യാമ്പുകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാത്തരം ഒത്തുചേരലുകള്‍ക്കും വിലക്ക് ബാധകമാണ്. വീടിനുള്ളിലും പുറത്തുമുള്ള കുടംബസംഗമങ്ങള്ക്കും നിയന്ത്രണമുണ്ട്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍.പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ഷോപ്പിംഗ് സെന്റുകള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഇന്‍ഡോര്‍ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സര്‍വീസ് ഹാളുകളില്‍ പ്രവേശനം 50 ശതമാനം ആയി കുറച്ചു. ഫെബ്രുവരി 12 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണിത്.കര അതിര്‍ത്തികള്‍ അടച്ചിടുവാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍
ഫെബ്രുവരി 21 രാവിലെ 12 മണി വരെ രാജ്യത്തിനു പുറത്തുള്ള ഒമാനി പൗരന്മാര്ക്ക് കര അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് മടങ്ങാന്‍ അനുവാദമുണ്ട്.
അതിനുശേഷം പിന്നീട് അറിയിപ്പുണ്ടാകുന്നതു വരെ കര അതിര്‍ത്തികള്‍ വഴി രാജ്യത്ത് പ്രവേശിക്കുവാന്‍ അനുമതി ഉണ്ടായിരിക്കുന്നതല്ല. ഇങ്ങനെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്ന എല്ലാ പൗരന്മാരും സ്വന്തം ചിലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം. കരവ്യോമ കപ്പല്‍ മാര്‍ഗ്ഗങ്ങള്‍ വഴി രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും സ്വന്തം ചിലവിലായിരിക്കണം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതെന്നും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.നോര്‍ത്ത് അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും ഫെബ്രുവരി 12 മുതല്‍ 14 ദിവസത്തേയ്ക്ക് വൈകുന്നേരം 7 മുതല്‍ രാവിലെ 6 വരെ അടച്ചിടും. ഇന്ധന സ്റ്റേഷനുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവയ്ക്ക് ഒഴിവുണ്ട്.
മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്ത ഏതൊരു സ്ഥാപനവും അടച്ചുപൂട്ടുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി.വൈറസ് വ്യാപനത്തിന്റെ ആഘാതവും കേസുകളുടെ എണ്ണവും കുറയ്ക്കുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.
