ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പിടിമുറുക്കിയതിന് ശേഷം പൊതുജനങ്ങളോടുള്ള പൊലീസിന്‍റെ മനോഭാവത്തില്‍ നല്ല മാറ്റമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്രമോദി പാഞ്ഞു.
ഇന്നലെ ലക്നൗവില്‍ ചേര്‍ന്ന ഡി.ജി.പിമാരുടെ വാര്‍ഷിക സമ്മേളനത്തിന്‍റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും വിശകലനം ചെയ്യാനും കേസ് സ്റ്റഡികള്‍ വികസിപ്പിക്കാനും ഒരു പഠന സംവിധാനമുണ്ടാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തുടനീളമുള്ള പൊലീസ് സേനയ്ക്ക് പ്രയോജനം ചെയ്യുന്ന പ്രവര്‍ത്തനക്ഷമതയുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കണം. അടിസ്ഥാന തലത്തില്‍ പൊലീസിന്‍റെ ആവശ്യങ്ങള്‍ക്കായി ഭാവി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഉന്നതാധികാര പൊലീസ് ടെക്നോളജി മിഷന്‍ രൂപീകരിക്കണം.
ജനങ്ങളുടെ പ്രയോജനത്തിനായി ഡ്രോണ്‍ സാങ്കേതികവിദ്യ നല്ല രീതിയില്‍ ഉപയോഗിക്കണം.
2014 ല്‍ അവതരിപ്പിച്ച സ്മാര്‍ട്ട് പൊലീസിംഗ് ആശയത്തിന്‍റെ തുടര്‍ച്ചയായി ഒരു മാര്‍ഗരേഖ വികസിപ്പിക്കണമെന്നും മോദി പറഞ്ഞു.സമ്മേളനത്തിലെ ചര്‍ച്ചകളിലും മോദി പങ്കെടുത്തു. ജയില്‍ പരിഷ്കരണങ്ങള്‍, ഭീകരത, ഇടത് തീവ്രവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, സര്‍ക്കാരിതര സംഘടനകള്‍ക്കുള്ള വിദേശ ധനസഹായം, ഡ്രോണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അതിര്‍ത്തി ഗ്രാമങ്ങളുടെ വികസനം തുടങ്ങി ദേശീയ സുരക്ഷയുടെ പ്രധാന വശങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താന്‍ ഡി.ജി.പി മാരുടെ വിവിധ ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഐ.ബി ഉദ്യോഗസ്ഥര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും പ്രധാനമന്ത്രി സമ്മാനിച്ചു.