താനൂര്‍: താനൂര്‍ ബോട്ട്ദുരന്തത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു.ഐ പി സി 302 വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത്. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി.പ്രതിക്കെതിരെ കോടതിപരിസരത്ത് വന്‍ ജനപ്രതിഷേധമുണ്ടായി. അപകടത്തിനും മരണത്തിനും കാരണമാകുമെന്ന് ബോധ്യമുണ്ടായിട്ടും സര്‍വീസ് നടത്തിയതിന്‍റെ പേരിലാണ് നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയത്. ഒളിവില്‍പോയ ഇയാളെ കോഴിക്കോട് ബീച്ച്പരിസരത്തു നിന്നാണ് പോലീസ് അറസ്റ്റ്ചെയ്തത്.
കേസില്‍ പ്രതികളായ ബോട്ടിന്‍റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് അറിയിച്ചു. അപകടത്തില്‍ കൂടുതല്‍ പേരെ കാണാതായെന്ന് ഇതുവരെ പരാതികളില്ല.ബോട്ടിനു പെര്‍മിറ്റ്, അനുമതി എന്നിവ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കും.ബോട്ട് സാങ്കേതിക വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കും. ബോട്ടപകടത്തില്‍മരിച്ച പോലീസുകാരന്‍ സബറുദ്ദീന്‍ ഡാന്‍സാഫ് താനൂര്‍ ടീം അംഗമായിരുന്നെന്ന് എസ്.പി പറഞ്ഞു. ഡ്യൂട്ടിക്കിടെയാണ് സബറുദ്ദീന് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കണം. ബോട്ട് സര്‍വീസിന് അനുമതി ലഭിച്ചതിലുണ്ടായ വീഴ്ചകള്‍ അന്വേഷണപരിധിയില്‍ വരും. തിരച്ചില്‍ നിര്‍ത്തുന്നത് മന്ത്രി ഉള്‍പ്പെട്ട അവലോകനയോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും എസ്. പി അറിയിച്ചു.അപകടസ്ഥലത്ത് തിരച്ചില്‍ ഇന്നലെ രാത്രി വരെയും തുടര്‍ന്നു.എന്‍ഡിആര്‍എഫിനൊപ്പം അഗ്നി രക്ഷാസേനയും മത്സ്യത്തൊഴിലാളികളും തിരച്ചിലില്‍ പങ്കെടുത്തു.