. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു
. പാക് എയര്‍ഫോഴ്സ് മെമ്മോറിയല്‍ തകര്‍ത്തു
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ് രി കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) നേതാവുമായ ഇമ്രാന്‍ഖാന്‍റെ അറസ്റ്റിനെ തുടര്‍ന്ന് പാകിസ്താനില്‍ വന്‍സംഘര്‍ഷം. തെഹ് രി കെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കറാച്ചിയില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പാക് എയര്‍ഫോഴ്സ് മെമ്മോറിയല്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സൈനിക ഉദ്യോഗസ്ഥന്‍റെ വീടിന് നേരെയും ആക്രമണമുണ്ടായി.
ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അര്‍ധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സാണ് ഇമ്രാനെ കസ്റ്റഡിലെടുത്തത്. അഴിമതിക്കേസിലാണ് അറസ്റ്റ്. അതിനാടകീയ രംഗങ്ങള്‍ക്കാണ് ഇന്നലെ ഇസ്ലാമാബാദ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതിക്കേസില്‍ ഹാജരാകാനായി വന്‍ വാഹനവ്യൂഹവുമായി ഉച്ചതിരിഞ്ഞ് ഇമ്രാന്‍ കോടതിയിലേക്ക് പുറപ്പെട്ടു.കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അനുയായികള്‍ക്ക് മനസിലാകും മുമ്പേ റെയ്ഞ്ചേഴ്സ് ഇമ്രാനെ വളഞ്ഞു. പിന്നാലെ ഇമ്രാന്‍ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
കസ്റ്റഡിയിലെടുത്ത ഇമ്രാനെ റേയ്ഞ്ചേഴ്സ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് തെഹ് രി കെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ഇമ്രാന്‍റെ അഭിഭാഷകനും മര്‍ദ്ദനമേറ്റു. തുടര്‍ന്നാണ് രാജ്യവ്യാപക പ്രതിഷേധത്തിന് പാര്‍ട്ടി ആഹ്വാനം ചെയ്തത്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങള്‍ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന കേസും റിയല്‍ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉള്‍പ്പെടെ അറുപതിലേറെ കേസുകള്‍ അധികാരത്തില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു. തനിക്കെതിരെ പട്ടാളം ഗൂഡാലോചന നടത്തുന്നുവെന്ന് ഇമ്രാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.