. ഇന്ന് നിശബ്ദ പ്രചാരണം.നാളെ വോട്ടെടുപ്പ്
. ക്രെയിനുകളിലും ജെസിബികളിലുമേറി സ്ഥാനാര്‍ത്ഥികള്‍
. പലയിടത്തും വാക്കേറ്റവും ഉന്തുംതള്ളും
. കരുനാഗപ്പള്ളിയില്‍ എംഎല്‍എയ്ക്ക് പരുക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശത്തിരയിളക്കി ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇന്ന് നിശബ്ദ പ്രചാരണം. നാളെ വോട്ടെടുപ്പ്.ഇന്നലെ വൈകിട്ട് കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്.തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു.ഇത്തവണ സീറ്റുകള്‍ തിരിച്ചു പിടിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവന്‍ സീറ്റിലും ജയമെന്ന് യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബി.ജെ.പിയുടെ വാദം.
കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സി.ആര്‍.മഹേഷ് എംഎല്‍എക്ക് പരുക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരുക്കേറ്റു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സി.ആര്‍.മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എല്‍എക്കും പൊലീസുകാര്‍ക്കും പരുക്കേറ്റത്. സംഘര്‍ഷത്തിനിടെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കൊടിയിലിന് കല്ലേറിനിടെ പരുക്കേറ്റത്. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചവിട്ടത്.
നെയ്യാറ്റിന്‍കരയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. എല്‍.ഡി.എഫ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീട് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി. കൊട്ടിക്കലാശത്തിന്‍റെ സമാപനത്തിനിടെ നെയ്യാറ്റിന്‍കരയില്‍ പൊലീസ് ലാത്തിയും വീശി. കൊല്ലം പത്തനാപുരത്ത് യു.ഡി.എഫ് -എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. മലപ്പുറം, കല്‍പ്പറ്റ, ചെങ്ങന്നൂര്‍, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.