കൊച്ചി ലഹരിക്കടത്തില്‍ അന്താരാഷ്ട്ര ബന്ധം; അന്വേഷണം എന്‍ഐഎക്ക്

Kerala

മട്ടാഞ്ചേരി: കൊച്ചി കടലില്‍ കഴിഞ്ഞ ദിവസം 1200 കോടിയുടെ ലഹരി പിടികൂടിയ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കും.എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.ബോട്ടില്‍നിന്ന് ആയുധങ്ങളോ ഭീകരപ്രവര്‍ത്തനത്തിനുള്ള തെളിവുകളോ ലഭിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ കുറെ നാളായി കേരള-ലക്ഷദ്വീപ് സമുദ്രമേഖലയില്‍ വലിയ തോതില്‍ ലഹരി പിടിക്കുന്നതും ഇതില്‍ വിദേശപൗരന്മാര്‍ അറസ്റ്റിലാവുന്നതും പരിഗണിച്ചാണു കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര ലഹരി കടത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര ലഹരി മരുന്നു മാഫിയ ഹാജി സലിം ഡ്രഗ് നെറ്റ്വര്‍ക്കിന്‍റേതാണു പിടിച്ചെടുത്ത ചരക്ക്. ഇത് ഇന്ത്യയില്‍ ഉപയോഗിക്കുന്ന തരത്തില്‍പ്പെട്ടതല്ലെന്നാണ് അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. ഇന്ത്യന്‍ പുറംകടല്‍ ഹാജി സലിം സംഘത്തിന്‍റെ കൈമാറല്‍ കേന്ദ്രമാണെന്ന സൂചനകളാണു ലഭിക്കുന്നത്.കഴിഞ്ഞ ആറ് മാസത്തിനകം കേരള-ലക്ഷദ്വീപ് മേഖലകളില്‍ നിന്ന് 3000 കോടിയോളം രൂപയുടെ ലഹരി കള്ളക്കടത്താണ് പിടികൂടിയത്. ഇറാനിയന്‍ ബോട്ടില്‍നിന്നു പിടിച്ചെടുത്ത ലഹരി പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വ്യാളിയുടെയും തേളിന്‍റെയും ചിഹ്നങ്ങള്‍ അഫ്ഗാന്‍, പാകിസ്ഥാന്‍ മയക്കുമരുന്നു റാക്കറ്റിന്‍റെ സൂചനകളാണെന്ന് സംശയിക്കുന്നതായി വെള്ളിയാഴ്ച നര്‍ക്കോട്ടിക്സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞെങ്കിലും ഇതു ചരക്ക് കൈമാറേണ്ട രാജ്യങ്ങളുടെ കോഡുകളാണോയെന്ന് എന്‍ഐഎ സംശയിക്കുന്നു. തുടര്‍ച്ചയായി ലഹരി പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ തീരങ്ങളില്‍ കോസ്റ്റ് ഗാര്‍ഡ്, നാവിക സേന എന്നിവരുടെ നീരീക്ഷണവും റോന്ത് ചുറ്റലും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *