കൊച്ചി ; യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷനടക്കം നിരവധി പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍, നഷ്ടത്തിന്‍റെ കണക്കുകളും ഇതിനൊപ്പം ശ്രദ്ധിക്കേണ്ടതാണ്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചെന്ന് ചൂണ്ടിക്കാട്ടുമ്ബോഴും നഷ്ടക്കണക്ക് തന്നെയാണ് കൊച്ചി മെട്രോക്ക് നിരത്താനുള്ളത്. നഷ്ടത്തിന് കാരണം യാത്രക്കാരുടെ കുറവ് കാരണമെന്ന് പറയാന്‍ സാധ്യമല്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.കൊച്ചി മെട്രോ ഒരു തീവ്ര മൂലധന അധിഷ്ഠിത പദ്ധതിയായതിനാലും ഭീമമായ തുക വായ്പ തിരിച്ചടക്കാന്‍ വേണ്ടിവരുന്നതിനാലും പ്രവര്‍ത്തന ലാഭമുണ്ടായാല്‍ പോലും നഷ്ടം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. കേന്ദ്രം അന്തിമാനുമതി നല്‍കാതെ അവഗണിക്കുമ്ബോഴും കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന പാതക്ക് ആവശ്യമായതിന്‍റെ 40 ശതമാനം ഭൂമി ഏറ്റെടുത്ത് പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കിട്ടിയ ഭൂമിയിലെ 53 ശതമാനത്തോളം പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.റോഡിന്‍റെ വീതി വര്‍ധിപ്പിക്കല്‍, പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങള്‍ നീക്കം ചെയ്യല്‍ ജോലികളാണ് നടക്കുന്നത്. ഫണ്ട് കിട്ടാത്തതിന്‍റെ താമസം മൂലമാണ് ബാക്കി 60 ശതമാനം സ്ഥലം ഏറ്റെടുക്കുന്നത് വൈകാന്‍ കാരണം. സര്‍ക്കാര്‍ ഫണ്ട് റവന്യൂ വകുപ്പിന് നല്‍കി സ്ഥലമേറ്റെടുക്കുകയും തുടര്‍ന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് നല്‍കുകയുമാണ് ചെയ്യുന്നത്. ഇതുവരെ ലഭിച്ച 135 കോടി രൂപ ഉപയോഗിച്ചാണ് സ്ഥലമേറ്റെടുത്തത്. 100 കോടി കൂടി ഇനിയും ലഭിക്കേണ്ടതുണ്ട്. 11.2 കിലോമീറ്ററില്‍ 11 സ്റ്റേഷനുകളായിരിക്കും മെട്രോ രണ്ടാംഘട്ട പാതയിലുണ്ടാകുക. പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. അതേസമയം സുരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കുന്ന കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്ബര്‍ തൂണിന് ചരിവ് സംഭവിച്ചത് തിരിച്ചടിയാണ്.